പിതാവിന്റെ മരണത്തിലും ജോസ് കെ. മാണി രാഷ്ട്രീയം കളിച്ചുവെന്ന് പി.സി. ജോര്‍ജ്

കോട്ടയം: കേരളകോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ കെ.എം.മാണിയുടെ മരണത്തില്‍ ജോസ് കെ.മാണി രാഷട്രീയം കളിച്ചുവെന്ന ആരോപണവുമായി പി.സി.ജോര്‍ജ്. കെ.എം.മാണിയുടെ ആരോഗ്യനില കൂടുതല്‍ വഷളായ സാഹചര്യത്തിലും ജോസ്. കെ.മാണിയും ഭാര്യയും വോട്ട് തേടി നടക്കുകയായിരുന്നും പി.സി.ജോര്‍ജ് ആരോപിച്ചു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മാണിഗ്രൂപ്പിനെ പിരിച്ചുവിടണമെന്നാണ് തന്റെ അഭിപ്രായം. മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു. സ്വന്തം അപ്പനായ കെ.എം.മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ്.കെ.മാണി. മാണിസാറിനോട് എന്തുകൊണ്ടാണ് മകന് വൈരാഗ്യം ഉണ്ടായതെന്ന് പരിശോധിക്കേണ്ടതുണ്ട്. അത് ഞാന്‍ അദ്ദേഹത്തോട് തന്നെ സംസാരിച്ചിട്ടുള്ള കാര്യമാണ്. മാണിസാറിനോട് മകന് അലര്‍ജിയാണ്. അഞ്ചാം തീയതി രാത്രി തന്നെ മാണിസാറിന്റെ മരണം ഏകദേശം തീരുമാനമായതായിരുന്നു. ആറ്, ഏഴ്, എട്ട് തീയതികളില്‍ മകനും ഭാര്യയും കൈയില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു. അപ്പന്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാന്‍ കഴിയുക -പി.സി.ജോര്‍ജ് ചോദിച്ചു.

മാണിസാറിന്റെ മരണശേഷം ശവശരീരത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചിട്ടുണ്ട്. പി.സി.ചാക്കോ പ്രമുഖ രാഷ്ട്രീയക്കാരനായിരുന്നു. പള്ളിക്കകത്ത് ശവക്കോട്ടയില്‍ പ്രമുഖസ്ഥാനം നോക്കിയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ മാണിസാറിനെ ഒരു മൂലയിലാണ് അടക്കിയിരിക്കുന്നത്. അങ്ങോട്ട് ആരും ചെല്ലരുത് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം പ്രാര്‍ത്ഥനക്കായോ കല്ലറ കാണാനോ ആരും അങ്ങോട്ട് ചെല്ലരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്തിരിക്കുന്നത്- പി.സി.ജോര്‍ജ് ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7