തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയായി. മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു മണിക്കൂറിനകം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചത്. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്.
പരിശോധനയില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയ സ്ഥിതിക്ക് പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്താനാണ് സാധ്യത. ആനകളെ വിട്ടു നല്‍കുമെന്ന് ആന ഉടമകളും അറിയിച്ചതോടെ തൃശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നാണ് ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. പൊതുതാല്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നല്‍കേണ്ടത് കര്‍ശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു .
പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്കിയാലും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും എന്നും കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.