ഡല്‍ഹിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ചെന്നൈ

ഡല്‍ഹി കാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പിച്ച് ചെപ്പോക്കില്‍ ചെന്നൈയുടെ കിടിലന്‍ പ്രകടനം. ചെന്നൈയുടെ 179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍ 16.2 ഓവറില്‍ 99ല്‍ ഒതുക്കി. 44 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങാനായത്. താഹിറിന്റെയും ജഡേജയുടെയും ബൗളിംഗിനൊപ്പം ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുമാണ് ചെന്നൈയ്ക്ക് ഒന്‍പതാം ജയം സമ്മാനിച്ചത്.

മറുപടി ബാറ്റില്‍ തുടക്കത്തിലെ പതറിയ ഡല്‍ഹിക്ക് ശ്രേയസ് അയ്യരുടെ പ്രതിരോധമൊഴികെ മറ്റൊന്നും ആശാവഹകമായിരുന്നില്ല. രണ്ടാം വിക്കറ്റിലെ 48 റണ്‍സാണ് ഡല്‍ഹിയുടെ ഉയര്‍ന്ന കൂട്ടുകെട്ട്. പൃഥ്വി ഷാ(4), ശിഖര്‍ ധവാന്‍(19), ഋഷഭ് പന്ത്(5), കോളിന്‍ ഇന്‍ഗ്രാം(1), അക്ഷാര്‍ പട്ടേല്‍(9), റൂത്ത്ഫോര്‍ഡ്(2), മോറിസ്(0),ജഗദീഷ(6), മിശ്ര(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. താഹിര്‍ 3.2 ഓവറില്‍ 12 റണ്‍സ് വഴങ്ങി നാലും ജഡേജ മൂന്ന് ഓവറില്‍ ഒന്‍പതിന് മൂന്നും ഹര്‍ഭജനും ചഹാറും ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെ അര്‍ധസെഞ്ചുറിയുടെയും(59) ധോണിയുടെയും(22 പന്തില്‍ 44) ജഡേജയുടെയും(10 പന്തില്‍ 25) വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. അവസാന മൂന്നോവറില്‍ 53 റണ്‍സടിച്ച ജഡേജയും ധോണിയും ചേര്‍ന്ന് ചെന്നൈയെ 20 ഓവറില്‍ നാല് വിക്കറ്റിന് 179ല്‍ എത്തിച്ചു. ഡുപ്ലസിസ് 39 എടുത്ത് പുറത്തായപ്പോള്‍ വാട്സണ്‍ അക്കൗണ്ട് തുറന്നില്ല. ജഗദീഷ രണ്ടും മോറിസും അക്ഷാറും ഓരോ വിക്കറ്റും വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7