നാലാം ഘട്ടത്തില്‍ 72 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തില്‍. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകും. അനന്ത്‌നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനവിധി തേടുന്നവരില്‍ കനയ്യകുമാറും ഊര്‍മ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്.

ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍ണായകമായ നാലാം ഘട്ടത്തില്‍ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും പോളിങ്ങ് ബൂത്തിലെത്തുകയാണ്. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കിയത്.

എസ്പി – ബിഎസ്പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന യുപിയിലിടക്കം മോദി ഫാക്ടറിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. 2014ലേതു പോലെ വീണ്ടും ഒബിസി കാര്‍ഡ് കളത്തിലിറക്കിയിരിക്കുകയാണ് മോദി. തന്റെ ജാതിയെക്കുറിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതെന്നും താന്‍ ഏറ്റവും പിന്നാക്ക ജാതിയില്‍പ്പെട്ടയാളാന്നും മോദി പറഞ്ഞു.

എസ്പി ബിഎസ്പി സഖ്യത്തിന്റെ യാദവ് ദളിത് മുസ്ലീം വോട്ടു ഏകീകരണ നീക്കം യുപിയില്‍ ബിജെപിക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് മോദി ഒബിസി കാര്‍ഡ് ഇറക്കുന്നത്. അതേസമയം പ്രതിപക്ഷം തന്റെ ജാതി പറയുന്നുവെന്ന മോദിയുടെ ആരോപണത്തിന് ഉന്നത ജാതിക്കാരനായ മോദി രാഷ്ട്രീയ നേട്ടത്തിനായി ഒബിസിയായെന്ന് മായാവതി തിരിച്ചടിച്ചു. മോദിയുടെ ജാതി ഏതെന്ന് അറിയില്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

2014-ല്‍ ബിജെപി തൂത്തുവാരിയ സീറ്റുകളാണ് ഈ ഘട്ടത്തില്‍ പലതും. നാലാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 72 സീറ്റുകളില്‍ 56-ഉം എന്‍ഡിഎ സഖ്യം നേടിയിരുന്നു. കോണ്‍ഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജു ജനതാദളിനും വിഭജിച്ച് പോയി.

മത്സരിക്കുന്ന പ്രമുഖര്‍

കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ – കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധുരി എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.

സിപിഐയുടെ വിദ്യാര്‍ത്ഥി നേതാവായ കനയ്യ കുമാര്‍ ബെഗുസരായിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ നേരിടും. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്രതാരം ഊര്‍മിളാ മതോന്ദ്കര്‍ ജനവിധി തേടുന്നു. എസ്പിയുടെ ഡിംപിള്‍ യാദവ്, തൃണമൂലിന്റെ ശതാബ്ദി റോയ്, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ എന്നിവര്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ വന്ന് ഇളക്കി മറിച്ച പ്രചാരണത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഹാരാഷ്ട്ര

17 സീറ്റുകളാണ് ഈ ഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. മഹാരാഷ്ട്രയില്‍ ഈ ഘട്ടത്തോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയാണ്. അവസാനഘട്ടത്തില്‍ ആവേശത്തോടെയായിരുന്നു കൊട്ടിക്കലാശം. ബിജെപി പാളയത്തില്‍ തിരിച്ചെത്തിയ ശിവസേനയ്ക്ക് ഒപ്പമുള്ള എന്‍ഡിഎ സഖ്യമോ, അതോ എംഎന്‍എസ്സ് പിന്തുണയോടെയുള്ള കോണ്‍ഗ്രസ് – എന്‍സിപി സഖ്യമോ? ആര് നേട്ടമുണ്ടാക്കും മറാത്ത മണ്ണില്‍? ആകാംക്ഷ കനക്കുന്നു.

വടക്കന്‍ മഹാരാഷ്ട്രയിലും മുംബൈയിലും നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ചെടുക്കാന്‍ കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. താനെയിലും പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും ചുവടുറപ്പിക്കാന്‍ എന്‍സിപിയും പാടുപെടുന്നു. ഈ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന എല്ലാ 17 സീറ്റുകളും 2014-ല്‍ ബിജെപി – ശിവസേന സഖ്യം തൂത്തുവാരിയതാണ്.

ദേശീയതയും കാര്‍ഷികപ്രശ്‌നങ്ങളും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയ പ്രചാരണമായിരുന്നു മഹാരാഷ്ട്രയിലേത്. ഗ്രാമീണ മേഖലകളില്‍ വികസനവും, കാര്‍ഷിക സഹായപദ്ധതികളും ചൂണ്ടിക്കാട്ടിയതിനൊപ്പം തന്നെ നഗരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയതയും പ്രചാരണവിഷയമായി. കന്നിവോട്ടര്‍മാര്‍ പുല്‍വാമയിലെയും ബാലാകോട്ടിലെയും ജവാന്‍മാര്‍ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചത് മഹാരാഷ്ട്രയിലാണ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ പ്രതിവര്‍ഷം 72,000 രൂപ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്തിയത്.

രാജസ്ഥാന്‍

രാജസ്ഥാനില്‍ 13 സീറ്റുകളാണ് പോളിംഗ് ബൂത്തിലെത്തുക. 2014-ല്‍ എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരിയ രാജസ്ഥാനില്‍ പക്ഷേ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. 2018-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഇവിടെ ഭരണത്തിലെത്തിയത് അവര്‍ക്ക് ആത്മവിശ്വാസം പകരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കു നേര്‍ മത്സരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. മറ്റിടങ്ങളിലെല്ലാം സഖ്യങ്ങളുമായി ചേര്‍ന്നാണ് ഇരുപാര്‍ട്ടികളും മത്സരിക്കുന്നത്.

ഉത്തര്‍പ്രദേശ്

13 സീറ്റുകളാണ് ഉത്തര്‍പ്രദേശിലും പോളിംഗ് ബൂത്തിലെത്തുന്നത്. എല്ലാ സീറ്റുകളിലും ബിജെപിയും എസ്പി – ബിഎസ്പി സഖ്യമാണ് നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ കനൗജ് മണ്ഡലമാണ് എസ്പിയുടെ അഭിമാനപ്പോരാട്ടം നടക്കുന്ന സീറ്റ്.

2014-ല്‍ ഈ 13 സീറ്റുകളില്‍ 12-ഉം ബിജെപിയാണ് നേടിയത്. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് ഇവിടെ മത്സരിച്ച് ജയിച്ചത്. ഇത്തവണയും കനൗജില്‍ ഡിംപിള്‍ യാദവ് തന്നെയാണ് മത്സരിക്കുന്നത്.

മൂന്ന് മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസും ശക്തമായ മത്സരം കാഴ്ച വയ്ക്കും. ഉന്നാവോയില്‍ അന്നു ഠണ്ഡനും, ഫരൂഖാബാദില്‍ സല്‍മാന്‍ ഖുര്‍ഷിദും കാന്‍പൂരില്‍ ശ്രീപ്രകാശ് ജയ്‌സ്‌വാളും.

ഒഡിഷ

ഒഡിഷയില്‍ ഇപ്പോള്‍ പോളിംഗ് ബൂത്തിലെത്തുന്ന ആറ് സീറ്റുകളോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയാണ്. ബിജെപിയും കോണ്‍ഗ്രസും ബിജു ജനതാദളും തമ്മില്‍ ആവേശപ്പോരാട്ടം. ബിജെപി ദേശീയ പ്രസിഡന്റ് ബൈജയന്ത് പാണ്ഡെ (കേന്ദ്രപാറ) കോണ്‍ഗ്രസ് പിസിസി അദ്ധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക് (ഭണ്ഡാരി പൊഖാരി) എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. 41 നിയമസഭാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു.

ബിഹാര്‍

ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളില്‍ ബെഗുസരായിയിലെ കനയ്യ കുമാര്‍ – ഗിരിരാജ് സിംഗ് പോരാട്ടം തന്നെയാണ് ഈ ഘട്ടത്തില്‍ രാജ്യം ഉറ്റുനോക്കുന്നത്. 2014-ല്‍ നേടിയ അഞ്ച് സീറ്റുകളും നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ആര്‍ജെഡി – കോണ്‍ഗ്രസ് സഖ്യം കനത്ത മത്സരം തന്നെ കാഴ്ച വയ്ക്കുന്നു.

ജാര്‍ഖണ്ഡ്

ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ജാര്‍ഖണ്ഡില്‍ ഈ ഘട്ടത്തില്‍ മൂന്ന് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോഹര്‍ദാഗ, ഛത്ര, പലാമു എന്നീ മണ്ഡലങ്ങള്‍.

പശ്ചിമബംഗാള്‍

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തൃണമൂല്‍ – ബിജെപി – കോണ്‍ഗ്രസ് – ഇടത് പോരാട്ടമാണ് ഇത്തവണ പശ്ചിമബംഗാളില്‍ നടക്കുന്നത്. ആകെ എട്ട് സീറ്റുകളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജമ്മു കശ്മീരില്‍ രണ്ട് തവണയായി ഒരു മണ്ഡലത്തില്‍ തെരഞ്ഞടുപ്പ് നടത്തുകയാണ് അനന്ത് നാഗ് മണ്ഡലത്തില്‍. അനന്ത് നാഗിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7