കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന് ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. പീഡനദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി മുഖേന ഹര്‍ജി സമര്‍പ്പിച്ചത്. പല തവണ മാറ്റിവച്ച കേസാണിത്. അതേസമയം, കേസിന്റെ വിശദാംശങ്ങള്‍ നേരിട്ടറിയിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനോടു ഡല്‍ഹിയിലെത്താന്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് റാവല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥനോടുതന്നെ അടിയന്തരമായി ഡല്‍ഹിയിലെത്താനുള്ള നിര്‍ദേശം.
അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച എ.ഡി.ജി.പി: ബി. സന്ധ്യയാണ് കഴിഞ്ഞ തവണ ഹാജരായത്. ദൃശ്യമടങ്ങിയ പെന്‍െ്രെഡവ് തെളിവല്ല, തൊണ്ടിമുതലാണെന്നും അതിനാല്‍ പ്രതിക്കു കൈമാറേണ്ടതില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, വിചാരണ തുടങ്ങുംമുമ്പു പ്രതി ആവശ്യപ്പെട്ടാല്‍ തെളിവുകളുടെ പകര്‍പ്പു നല്‍കണമെന്നാണ് സി.ആര്.പി.സി. പറയുന്നത്. കുറ്റം എന്താണെന്നു മനസിലാക്കിയാലേ വിചാരണവേളയില്‍ തന്റെ വാദം അവതരിപ്പിക്കാന്‍ കഴിയൂവെന്നാണ് ദിലീപിന്റെ വാദം.