ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ താന്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി. പി.സി.സി.കളുടെ ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് പ്രതികരണം നടത്തുന്നത്. ഒരു ഹിന്ദി ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.
‘ദക്ഷിണേന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. അവിടുത്തെ ജനങ്ങള്‍ അരക്ഷിതരാണ്. അവരുടെ ഭാഷയും സംസ്‌കാരവും അപകടത്തിലാണ്. മോദിയും സംഘപരിവാറുമാണ് ഇതിന് കാരണക്കാര്‍’. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കൊണ്ടാണ് രാഹുല്‍ ദക്ഷിണേന്ത്യയിലെ തന്റെ സ്ഥാനാര്‍ഥിത്വം സൂചിപ്പിക്കുന്നത്.
അതേ സമയം തന്നെ അമേഠിയാണ് തന്റെ കര്‍മ മണ്ഡലമെന്ന് അഭിമുഖത്തില്‍ അദ്ദേഹം അടിവരയിടുന്നുമുണ്ട്. എന്നാല്‍ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് പറയാനും രാഹുല്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന സൂചന മാത്രമാണ് അദ്ദേഹം നല്‍കുന്നത്.