കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പലപേരുകള്‍ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് കെ.മുരളീധരനിലേക്ക് ചര്‍ച്ചയെത്തിയത്. ഉമ്മന്‍ ചാണ്ടി അല്‍പസമയം മുമ്പാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് മുരളീധരന്‍ സമ്മതം അറിയിച്ചതായി ധരിപ്പിച്ചത്.

അതോടെ വളരെപ്പെട്ടെന്ന് മുരളീധരനിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും മികച്ച സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ടതോടെ നേതൃത്വം സമ്മര്‍ദത്തിലായി. ലീഗും ആര്‍എംപിയും മികച്ച സ്ഥാനാര്‍ഥി എന്ന ആവശ്യം ഉന്നയിച്ചു. മുല്ലപ്പള്ളിയുടെ പേരില്‍ തുടങ്ങി വിദ്യ ബാലകൃഷ്ണന്‍, ബിന്ദു കൃഷ്ണ, വി.എം സുധീരന്‍, അഡ്വ പ്രവീണ്‍കുമാര്‍ എന്നിവരിലൂടെ നീങ്ങിയ ചര്‍ച്ചയാണ് ഒടുവില്‍ കെ.മുരളീധരന്‍ എന്ന പേരിലേക്ക് എത്തിയത്.

ഞായറാഴ്ചത്തെ ഡല്‍ഹി ചര്‍ച്ചകളില്‍ തീരുമാനം മുല്ലപ്പള്ളിക്ക് വിട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മടങ്ങിയിരുന്നു. ഇത് പ്രധാനമായും മുല്ലപ്പള്ളി തന്നെ മത്സരിക്കട്ടെ എന്ന സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു. പക്ഷേ വൈകിട്ട് വീണ്ടും താനില്ല എന്ന് മുല്ലപ്പള്ളി തീര്‍ത്തുപറഞ്ഞു.

ഇതിനിടെ പി.ജയരാജനെതിരെ ദുര്‍ബലനായ സ്ഥാനാര്‍ഥിയാണെങ്കില്‍ വടകരയില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകും എന്ന സാഹചര്യവും ഉടലെടുത്തു. ഇന്ന് രാവിലത്തെ ചര്‍ച്ചയില്‍ മുല്ലപ്പള്ളിയല്ലെങ്കില്‍ പ്രവീണ്‍കുമാര്‍ തന്നെയാകട്ടെ എന്ന് ചര്‍ച്ചവന്നു. അപ്പോഴും ജയരാജനെ പോലെ ഒരാള്‍ക്കെതിരെ പ്രവീണ്‍കുമാര്‍ മതിയോ എന്ന് പല നേതാക്കളും ഉന്നയിച്ചു. പ്രത്യേകിച്ച് ജയരാജനെ പരാജയപ്പെടുത്താനായി ആര്‍എംപി പോലും യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെ നേതൃത്വത്തിന് സമ്മര്‍ദമേറി. അങ്ങനെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ വരുന്നത്. അദ്ദേഹം 11 മണിയോടെ കെ.മുരളീധരനെ ബന്ധപ്പെടുന്നു.

ആ ചര്‍ച്ചയാണ് കാര്യങ്ങള്‍ അപ്രതീക്ഷിത തീരുമാനത്തിലെത്തിച്ചത്. മുന്‍ കോഴിക്കോട് എംപി കൂടിയാണ് മുരളീധരന്‍. വടകര മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങള്‍ കോഴിക്കോട് ജില്ലയിലാണ് എന്നതും അദ്ദേഹത്തിന്റെ പേരിന് പ്രാമുഖ്യം കിട്ടാന്‍ കാരണമായി. ഉറപ്പ് കിട്ടിയതോടെ ഉമ്മന്‍ ചാണ്ടി മുല്ലപ്പള്ളിയെ വിളിച്ച് മുരളീധരന്‍ സമ്മതം അറിയിച്ചതായി ധരിപ്പിച്ചു. അതോടെ ചര്‍ച്ചപോലുമില്ലാതെ മുരളീധരന്റെ പേര് നിശ്ചയിക്കപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7