ഓസ്‌ട്രേലിയയ്‌ക്കെതിരായ തുടര്‍ച്ചയായ മൂന്നാം ഏകദിനവും തോറ്റത് ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് എത്തി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലിക്ക് പറയാനുള്ളത് ഇങ്ങനെയാണ്. ഏകദിന ലോകകപ്പില്‍ കളിക്കേണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ പതിനൊന്നു പേരേക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അതേസമയം, 2–-0നു ലീഡെടുത്ത ശേഷം ഓസീസിനെതിരെ പരമ്പര കൈവിട്ടതിനു യാതൊരു ന്യായീകരണവുമില്ലെന്നും കോഹ്‌ലി പറഞ്ഞു.
ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 35 റണ്‍സിനു ജയിച്ച ഓസ്‌ട്രേലിയ 3–2നു പരമ്പരയും സ്വന്തമാക്കിയിരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള അവസാന ഏകദിന പരമ്പരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമിനെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ പരമ്പരയിലെ തോല്‍വിയുടെ പേരില്‍ ടീമിലെ ആര്‍ക്കും ആശങ്കയില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. ലോകകപ്പില്‍ കളിക്കേണ്ട താരങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ വ്യക്തതയുണ്ടെന്നും കോഹ്‌ലി വെളിപ്പെടുത്തി.
‘ഈ തോല്‍വിയുടെ പേരില്‍ ഡ്രസിങ് റൂമിലുള്ള ആര്‍ക്കും അനാവശ്യ ആശങ്കകളില്ല. ഈ തോല്‍വിയുടെ പേരില്‍ പരിശീലക സംഘത്തിനും വേവലാതികളില്ല. കാരണം, ഈ മൂന്നു മല്‍സരങ്ങളില്‍നിന്ന് ടീമിന് എന്താണ് വേണ്ടതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാം കൃത്യമായ ധാരണയുണ്ട്. ലോകകപ്പിനു മുന്നോടിയായി ടീമിനെ ഉറപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഇപ്പോള്‍ കൂടുതല്‍ ബാലന്‍സ്ഡ് ആയി എന്ന തോന്നലുമുണ്ട്. സമ്മര്‍ദ്ദ നിമിഷങ്ങളില്‍ നമ്മളേക്കാള്‍ മികച്ചുനില്‍ക്കാന്‍ ഓസീസിനു സാധിച്ചതാണ് അവര്‍ക്കു പരമ്പര ലഭിക്കാന്‍ കാരണം’ -– കോഹ്‌ലി പറഞ്ഞു.
‘ടീമെന്ന നിലയിലും കോംബിനേഷനുകളുടെ രൂപീകരണത്തിലും നല്ല ആത്മവിശ്വാസമുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇനി കൂടിപ്പോയാല്‍ ഒരു മാറ്റത്തിനേ സാധ്യതയുള്ളൂ. അതിലുപരി, ഇംഗ്ലണ്ടില്‍ കളത്തിലിറങ്ങേണ്ട പതിനൊന്നംഗ ടീമിനെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ട്’ -– കോഹ്‌ലി വെളിപ്പെടുത്തി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ അനാവശ്യ പരീക്ഷണങ്ങള്‍ക്കു തുനിഞ്ഞതായി ആരാധകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. അഞ്ച് ഏകദിനങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചത് അഞ്ചു താരങ്ങള്‍ക്കു മാത്രമാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവരാണ് എല്ലാ മല്‍സരങ്ങളിലും കളിച്ചത്. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ കളിച്ച ധോണിക്ക് അവസാന രണ്ടു മല്‍സരങ്ങളില്‍ വിശ്രമം അനുവദിച്ചു.
പകരം അവസരം ലഭിച്ച ഋഷഭ് പന്ത് രണ്ട് ഇന്നിങ്‌സുകളില്‍നിന്ന് 52 റണ്‍സാണ് നേടിയത്. അമ്പാട്ടി റായുഡുവിന് മൂന്ന് മല്‍സരങ്ങളില്‍ അവസരം ലഭിച്ചെങ്കിലും കാര്യമായി തിളങ്ങാനായില്ല. ലോകേഷ് രാഹുലിന് ഒരേയൊരു മല്‍സരത്തിലാണ് അവസരം ലഭിച്ചത്. അവസാന ഏകദിനത്തില്‍ അഞ്ച് ബോളര്‍മാരുമായാണ് ഇന്ത്യ കളിച്ചത്. ലോകേഷ് രാഹുലിനെ പുറത്തിരുത്തി പകരം മുഹമ്മദ് ഷമിയെ കളത്തിലിറക്കിയ ഇന്ത്യയ്ക്ക് ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര എന്നിവരെയും ചേര്‍ത്ത് മൂന്നു പേസര്‍മാരുണ്ടായിരുന്നു.
കുല്‍ദീപ് യാദവിനൊപ്പം രവീന്ദ്ര ജഡേജ സ്പിന്നറുടെ വേഷത്തിലെത്തി. രാഹുലിന്റെ അസാന്നിധ്യത്തില്‍ ബാറ്റിങ്ങിനു കൂടി സഹായകരമാകുന്നതിനാണ് ചാഹലിനെ പുറത്തിരുത്തി ജഡേജയെ കളിപ്പിച്ചതെങ്കിലും ഫലമുണ്ടായില്ല. മൂന്നു പന്തില്‍ അക്കൗണ്ടു തുറക്കാനാകാതെ ജഡേജ പുറത്തായി.
‘അവസാന മൂന്നു മത്സരങ്ങളില്‍ ടീമിലെ റിസര്‍വ് താരങ്ങളുടെ മികവു പരീക്ഷിക്കാനായിരുന്നു ശ്രമം. മാത്രമല്ല, അവര്‍ക്കു കുറച്ചുകൂടി സമയം കൊടുക്കാനും ഓരോ സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നും പരിശോധിച്ചു’ -കോഹ്‌ലി പറഞ്ഞു.
എന്നാല്‍ ഈ ടീമുമായി പോയാല്‍ ഇന്ത്യ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തുകയും ചെയ്തു.