ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു.
മുന്‍ എഐസിസി സെക്രട്ടറി കൂടിയാണ് ടോം വടക്കന്‍. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കന്‍ പറഞ്ഞു. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍. പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതും വടക്കന്‍ പറഞ്ഞു. മുമ്പ് തൃശൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വ മോഹം നടന്നില്ല.