ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാനാ മസൂദ് അസറിന്റെ ഇളയ സഹോദരനും ജയ്ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസ്ഗറിനെ പിടികൂടിയതായി പാകിസ്താന്. റൗഫ് അസ്ഗര്‍ അടക്കം നിരോധിച്ച സംഘടനയിലെ 44 പ്രവര്‍ത്തകരെ പിടികൂടിയതായാണ് പാകിസ്താന് ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
പുല്‍വാമ ആക്രമണമുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുല്‍വാമ സംഭവത്തിന് ശേഷം പാകിസ്താന് കൂടുതല്‍ സമ്മര്‍ദത്തിലായതിന് പിന്നാലെയാണ് ജയ്ഷെ തലവന്റെ സഹോദരന് അറസ്റ്റിലായ വാര്‍ത്ത പുറത്തുവരുന്നത്.
എന്നാല്‍ ഈ നടപടി ഇന്ത്യയുടെ സമ്മര്‍ദം മൂലമല്ലെന്നും നാഷണല്‍ ആക്ഷന്‍ പ്ലാന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മൗലാന റൗഫ് അസര്‍ കരുതല്‍ തടങ്കലിലാണെന്നാണ് റിപ്പോര്‍ട്ട്. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം 814 തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് കരുതുന്നത്. 2007 ല്‍ മസൂദ് അസര്‍ ഒളിവില്‍ പോയതുമുതലാണ് ഇയാള്‍ ജെയ്ഷെ കമാന്‍ഡറായി സ്ഥാനമേറ്റെടുക്കുന്നത്.
2002ല്‍ പാകിസ്താനില്‍ ജെയ്ഷെ മുഹമ്മദിനെ നിരോധിച്ചെങ്കിലും മസൂദ് അസറിന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുല്‍വാമ ആക്രമണത്തിനും അതിന് ശേഷം ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനും ശേഷം തീവ്രവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാകിസ്താന് വ്യക്തമാക്കിയിരുന്നു.