കൊച്ചി: രാജ്യം ബാഹ്യഭീഷണി നേരിടുമ്പോള്‍ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റേതെന്ന് വി. മുരളീധരന്‍ എം.പി ആരോപിച്ചു. സി.പി.എം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കുമ്പോള്‍ വോട്ട് ബാങ്ക് മുന്നില്‍ക്കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്ത കോടിയേരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചൈനയുമായുള്ള യുദ്ധ കാലഘട്ടം മുതല്‍തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ശത്രുരാജ്യത്തെ പിന്തുണയ്ക്കുന്ന നിലപാടിന്റെ പേരില്‍ ഇ.എം.എസിന് ഉള്‍പ്പെടെ ജയിലില്‍ കിടക്കേണ്ടിവന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. രാജ്യം ശത്രുരാജ്യങ്ങളില്‍നിന്നു ഭീഷണി നേരിടുമ്പോള്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നതിനു പകരം ശത്രുരാജ്യത്തോടാണ് കോടിയേരി കൂറ് പ്രകടിപ്പിക്കുന്നതെന്നും വി മുരളീധരന്‍ ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതി മുന്നില്‍ കണ്ടുകൊണ്ടുള്ള നിലപാടാണ് കോടിയേരിയുടേത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ എല്ലാ സര്‍വേകളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കനത്ത തകര്‍ച്ച നേരിടുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ പരാജയം മുന്നില്‍ കണ്ട്, പാക് അനുകൂല നിലപാടിലൂടെ കേരളത്തിലെ ന്യൂനപക്ഷ മുസ്ലിം സമുദായത്തെയെങ്കിലും ഒപ്പം നിര്‍ത്താനുള്ള ആസൂത്രിതമായ ശ്രമാണ് കോടിയേരിയുടെ ദേശവിരുദ്ധ പ്രസ്താവനയ്ക്കു പിന്നിലുള്ളത്. കേരളത്തിലെ മുസ്ലിങ്ങളുടെ ദേശസ്‌നേഹത്തെപ്പോലും ചോദ്യം ചെയ്യുന്നതാണ് കോടിയേരിയുടെ പ്രസ്താവന. കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവന്‍ പാക് അനുകൂലികളാണെന്ന തെറ്റിദ്ധാരണയില്‍നിന്നണ് കോടിയേരി പ്രസ്താവന.
രാജ്യം ശത്രുവിനെതിരേ ഒരുമിച്ചു നില്‍ക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു നേതാവുതന്നെ ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് തെരഞ്ഞെടുപ്പിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പിന്തുണ പ്രഖ്യാപിക്കുകയും കേരളത്തില്‍ കോടിയേരി മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നതിലൂടെ തെളിയുന്നത് സി.പി.എമ്മിന്റെ സാഹചര്യമനുസരിച്ചുള്ള വോട്ടബാങ്ക് രാഷ്ട്രീയമാണ്. കോടിയേരിയുടെ പ്രസ്താവന അത്യന്തം അപകടകരവും രാജ്യദ്രോഹവുമാണ്. കോടിയേരിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി എത്രയും വേഗം അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും വി. മുരളീധരന്‍ എം.പി പ്രസ്താനവയില്‍ പറഞ്ഞു.