ബംഗളൂരു: ഭീകരാക്രമണത്തിനു പിന്നാലെ മൊഹാലിക്കും ധര്‍മശാലയ്ക്കും ശേഷം പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും. പാക് പ്രധാനമന്ത്രിയും മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റേതടക്കമുള്ള ചിത്രങ്ങളാണ് ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ) സ്റ്റേഡിയത്തിന്റെ ഉടമസ്ഥര്‍. സൈന്യത്തോട് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചാണ് ഈ നീക്കമെന്ന് കെ.സി.എ ബുധനാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ധര്‍മശാല സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന പതിമൂന്ന് പാകിസ്താന്‍ താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നടപടി.
ഇമ്രാന്‍ ഖാന്‍, പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍, ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി, ബാറ്റ്‌സ്മാന്‍ ജാവേദ് മിയാന്‍ദാദ് എന്നിവര്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. നേരത്തെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലും ജയ്പുര്‍ സവായ് മാന്‍ സിങ് സ്റ്റേഡിയത്തിലും സ്ഥാപിച്ച പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ബി.സി.സി.ഐയോട് ആവശ്യപ്പെടുക വരെ ചെയ്തു.