തൃശൂരാണ് താല്‍പര്യം; മത്സരിക്കാനൊരുങ്ങി പദ്മജ

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി പദ്മജ വേണുഗോപാല്‍. അവസരം കിട്ടിയാല്‍ തൃശ്ശൂരാണ് താല്‍പര്യമെന്നും സമൂഹ മാധ്യമങ്ങളില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വരുന്ന വാര്‍ത്തകളില്‍ സന്തോഷമുണ്ടെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു. മക്കള് രാഷ്ട്രീയത്തിനെതിരെ ഒരു കാലത്ത് എതിര്‍പ്പുയര്‍ന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ അത് സാധാരണമായിരിക്കുകയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

ലീഡര്‍ കെ കരുണാകരന്റെ മരണത്തോടെ ആളൊഴിഞ്ഞ തൃശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരം തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സജീവമായിട്ടുണ്ട്. പത്മജ വേണുഗോപാല്‍ എത്തിയതോടെ ലീഡറുടെ പഴയ അടുപ്പക്കാരെല്ലാം മുരളീമന്ദിരത്തിയിട്ടുണ്ട്.

മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് കലാപം രൂക്ഷമായിരിക്കെയാണ് പത്മജ വേണുഗോപാല്‍ 2004ല്‍ മുകുന്ദപുരത്ത് മത്സരിക്കാനെത്തിയത്. അന്നത്തെ തോല്‍വിക്കുളള ഒരു കാരണം മക്കള്‍ രാഷ്ട്രീയത്തോടുളള എതിര്‍പ്പായിരുന്നെങ്കില്‍ ഇന്ന് സാഹചര്യം മാറിയെന്നാണ് പത്മജ പറയുന്നത്.

2004ല്‍ മുകുന്ദപുരം ലോകസഭ മണ്ഡലത്തിലും 2016ല്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തിലേക്കും മത്സരിച്ചപ്പോള് സംസ്ഥാനത്ത് യുഡിഎഫ് വിരുദ്ധ തരംഗമായിരിന്നു. ഇത്തവണ യുഡിഎഫിന് എല്ലാം കൊണ്ടും അനുകൂലമാണെന്നും പത്മജ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7