ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി: സൂര്യപ്രകാശം വില്ലനായി, കളി താല്കാലികമായി നിര്‍ത്തിവച്ചു

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഡിന്നര്‍ ബ്രേക്കിനു തൊട്ടുപിന്നാലെ ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. 24 പന്തില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സെടുത്ത ശര്‍മയെ ഡഗ് ബ്രാസ്‌വെലിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ശിഖര്‍ ധവാന്‍ (29), ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (രണ്ട്) എന്നിവര്‍ ക്രീസില്‍. ഒന്‍പതു വിക്കറ്റും 40 ഓവറും ശേഷിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 115 റണ്‍സ് കൂടി മതി.
10 ഓവര്‍ പിന്നിട്ടതിനു പിന്നാലെ മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലടിച്ച് കാഴ്ചയെ മറയ്ക്കുന്ന സാഹചര്യത്തിലാണിത്. ക്രിക്കറ്റ് കളത്തില്‍ അപൂര്‍വമായ സംഭവവികാസമാണിത്. സാധാരണഗതിയില്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കുമ്പോള്‍ വടക്കു–തെക്ക് ദിശയിലാകും അതിന്റെ സ്ഥാനം. ബാറ്റ്‌സ്മാന്‍ സൂര്യന് അഭിമുഖമായി വരുന്നത് ഒഴിവാക്കുന്നതിനാണിത്. എന്നാല്‍, ലോകത്തിന്റെ കിഴക്കേ അറ്റത്തുള്ള വേദിയെന്ന വിശേഷണമുള്ള മക്‌ലീന്‍ പാര്‍ക്കിന്റെ നിര്‍മാണം കിഴക്കു–പടിഞ്ഞാറു ദിശയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7