തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സ് ടീമിനെതിരായ എകദിന പരമ്പയില്‍ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ എ ടീമിനെ നയിക്കും. അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ അജിന്‍ക്യ രഹാനെയും നാല്, അഞ്ച് ഏകദിനങ്ങളില്‍ അങ്കിത് ബാവ്‌നെയും ടീമിനെ നയിക്കും. ദ്വിദിന സന്നാഹമത്സരത്തില്‍ ഇഷാന്‍ കിഷന്‍ ടീമിനെ നയിക്കും.
ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യര്‍, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ശാര്‍ദൂല്‍ ഠാക്കൂര്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. ഋഷഭ് അവസാനത്തെ രണ്ട് ഏകദിനങ്ങള്‍ കളിക്കും. ശേഷം ഫെബ്രുവരി ആറിന് തുടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ട്വന്റി-20 മത്സരങ്ങള്‍ക്കായി പന്തും ക്രുണാല്‍ പാണ്ഡ്യയും ന്യൂസീലന്‍ഡിലേക്ക് പോകും.
23, 25, 27, 29, 31 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലാണ് ഏകദിന മത്സരങ്ങള്‍. തുടര്‍ന്ന് ഫെബ്രുവരി ഏഴുമുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ചതുര്‍ദിന മത്സരം നടക്കും. താരങ്ങളില്‍ ചിലര്‍ നേരത്തേ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.