ബംഗളുരു: കര്‍ണാടക രാഷ്ട്രീയക്കളിക്കിടെ നിര്‍ണായക സംഭവവികാസങ്ങള്‍. കാണാതായെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞ അഞ്ച് എംഎല്‍എമാരില്‍ രണ്ട് പേര് തിരിച്ചെത്തി. ഹഗരിബൊമ്മനഹള്ളി മണ്ഡലത്തിലെ എംഎല്‍എ ഭീമ നായ്കാണ് ഉച്ചയോടെ തിരിച്ചെത്തിയത്. സംസ്ഥാനത്തെ ഭരണപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഭരണകക്ഷി എംഎല്‍എമാര്‍ യോഗം ചേരുന്നതിനിടെയാണ് യോഗവേദിയായ ബെംഗലുരുവിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് ഭീമ നായ്ക് എത്തിയത്. ഇന്ന് രാവിലെ ജെ എന്‍ ഗണേഷ് എന്ന എംഎല്‍എ തിരിച്ചെത്തിയിരുന്നു.
”എനിക്ക് രണ്ട് നമ്പറുകളുണ്ട്. ഒന്ന് സ്വിച്ചോഫായിരുന്നു. രണ്ടാമത്തെ നമ്പര്‍ ബിജെപി നേതാക്കളുടെ കൈയിലില്ലായിരുന്നു.” ഗസ്റ്റ് ഹൗസിന് പുറത്ത് എംഎല്‍എ ഭീമ നായ്ക് മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ കര്‍ണാടകത്തില്‍ എത്ര എംഎല്‍എമാര്‍, ഏതൊക്കെ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയെന്ന കാര്യത്തില്‍ വ്യക്തത വരികയാണ്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ രമേഷ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, ബെല്ലാരിയിലെ എംഎല്‍എ വി നാഗേന്ദ്ര, കല്‍ബുര്‍ഗിയിലെ നേതാവ് ഉമേഷ് യാദവ് എന്നിവര്‍ കളം മാറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ആര് ശങ്കര്‍, എച്ച് നാഗേഷ് എന്നിവരുടെ പിന്തുണ ബിജെപി ഇന്നലെ ഉറപ്പാക്കിയിരുന്നു. എല്ലാവരും മുംബൈയിലെ ഹോട്ടലിലാണ് ഉളളത്.
ഇവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചുവരികയാണ്. സര്‍ക്കാരിനെ താഴെയിടാനല്ല മറിച്ച് ബെല്ലാരി, കല്‍ബുര്‍ഗി തുടങ്ങിയ ജില്ലകളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കങ്ങളെന്ന് സൂചനയുണ്ട്. ജെഡിഎസ് എംഎല്‍എമാരെ നോട്ടമിടാത്തതും ഇതുകൊണ്ടാണെന്നാണ് വിവരം. എംഎല്‍എമാരെ ഹരിയാനയില്‍ തന്നെ നിര്‍ത്തി സമ്മര്‍ദ തന്ത്രം പയറ്റാനാണ് തീരുമാനം. സഖ്യത്തെ അസ്ഥിരപ്പെടുത്താന്‍ ബിജെപിക്ക് കഴിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുഴുവന്‍ എംഎല്‍എമാരായും സംസാരിച്ചുവരികയാണ്. റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റേണ്ടതില്ല എന്നാണ് തീരുമാനം. ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ ഹരിയാനയിലെ ഹോട്ടലിന് മുന്നിലും ബെംഗളൂരുവിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.