എ.കെ. ആന്റണിയുടെ മകന്റെ പദവി; കോണ്‍ഗ്രിസില്‍ കലഹം

എ.കെ. ആന്റണിയുടെ മകന്റെ പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് കെപിസിസി ഡിജിറ്റല്‍ വിഭാഗം ചുമതല നല്‍കിയതാണ് കലഹത്തിന് കാരണം. യുവ നേതാക്കള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കെഎസ് യുയൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് എതിര്‍പ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. അധികാരം ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് യുവനേതാക്കളുടെ പരാതി. അനില്‍ കെ ആന്റണിയ്ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

പദവിയെ എതിര്‍ത്ത യുവനേതാക്കള്‍ക്ക് കെപിസിസി ജനറല്‍ ബോഡിയില്‍ വിലക്കേര്‍പ്പെടുത്തിയതും കലഹത്തിന് കാരണമായിട്ടുണ്ട്. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് ക്ഷണമില്ലെന്നാണ് ഇത് സംബന്ധിച്ച് നേതാക്കള്‍ നല്‍കിയ വിശദീകരണം. പോരാട്ടം തുടരുമെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ആര്‍എസ് അരുണ്‍ രാജ് പറഞ്ഞു. കെഎസ് യുവിലോ യൂത്ത് കോണ്‍ഗ്രസിലോ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത ആളുകളെ നേതാക്കളുടെ മക്കള്‍ എന്ന ഒറ്റ മാനദണ്ഡത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃ പദവിയിലേക്ക് കൊണ്ട് വരുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അരുണ്‍ പറഞ്ഞു. ഡിജിറ്റല്‍ മീഡിയ സെല്‍ കെപിസിസി ഭാരവാഹിയ്ക്ക് തുല്യമായ പദവിയാണ്. നിര്‍വാഹക സമിതിയില്‍ പോലും ചര്‍ച്ചചെയ്യാതെയാണ് അനില്‍ ആന്റണിയെ ഇതിന്റെ തലപ്പത്തേക്ക് കൊണ്ട് വന്നത്. കെ മുരളീധരന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നപ്പോള്‍ തിരുത്തല്‍ വാദവുമായി രംഗത്ത് എത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്ത് ഉള്ളത്. അവര്‍ തന്നെയാണ് ഇത്തരത്തില്‍ പാര്‍ട്ടി പാരമ്പര്യം ഇല്ലാത്തവരെ നേതൃ നിരയിലേക്ക് കെട്ടിയിറക്കുന്നതെന്നും അരുണ്‍ രാജ് ആരോപിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ പ്രചാരപ്രവര്‍ത്തനങ്ങളില്‍ അരുണ്‍ ആന്റണി സജീവമായിരുന്നു. അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലുമായി ചേര്‍ന്നായിരുന്ന പ്രവര്‍ത്തനം. കര്‍ണ്ണാടകയിലേയും, രാജസ്ഥാനിലേയും തെരഞ്ഞെടുപ്പിലും ഇവരുണ്ടായിരുന്നു. കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവന്‍ ശശി തരൂര്‍ ആണ്. സോഷ്യല്‍ മീഡിയ ശക്തിപ്പെടുത്തണമെന്ന ശശി തരൂരിന്റെ ആവശ്യപ്രകാരമാണ് അനില്‍ ആന്റണിയെ ഡിജിറ്റല്‍ വിഭാഗം കണ്‍വീനറാക്കിയത്.

നിലവില്‍ നവൂതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഓണററി എക്‌സിക്യൂട്ടീവ് മെമ്പറും ആണ് അരുണ്‍ .ആന്റണിയുടെ മറ്റൊരു മകനായ അജിത് ആന്റണിയും നവൂതയുടെ വൈസ് പ്രസിഡന്റാണ്. ആന്റണിയുടെ ഭാര്യയാണ് ഈ ഫൗണ്ടേഷന്റെ സ്ഥാപകയും, ചെയര്‍മാനും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7