സഹോദരിയുടെ മകനെ കൊലപ്പെടുത്തി മണ്ണിട്ടുമൂടി മുകളില്‍ ചെടി വച്ചു; മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റ്

ന്യൂഡല്‍ഹി: സഹോദരിയുടെ മകനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ മണ്ണിട്ടുമൂടി മുകളില്‍ ചെടി വച്ച ഒഡിഷ സ്വദേശി അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് മൂന്നു വര്‍ഷത്തിനു ശേഷം മഹാറാണ എന്ന ആളെ അറസ്റ്റ് ചെയ്തത്. മരുമകന് തന്റെ കാമുകിയുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് 2016ല്‍ ബിജയ് കുമാര്‍ മഹാറാണ എന്നയാള്‍ ഡല്‍ഹിയില്‍വച്ച് മരുമകന്‍ ജയ് പ്രകാശിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഹൈദരാബാദില്‍വച്ച് പ്രതിയെ പിടികൂടുന്നത്.കാമുകി ഡല്‍ഹിയിലേക്കു താമസം മാറ്റിയതിനു പിന്നാലെയാണ് 2012ല്‍ കേസിലെ പ്രതിയായ ഒഡിഷ, ഗന്‍ജം സ്വദേശി ബിജയ് കുമാര്‍ ഡല്‍ഹിയിലെത്തുന്നത്. കൊല്ലപ്പെട്ട ജയ്പ്രകാശും 2015ല്‍ ഡല്‍ഹിയിലെത്തി ദ്വാരകയില്‍ ബിജയ് കുമാറിനൊപ്പം താമസം തുടങ്ങി. ഇതിനിടെ ബിജയുടെ കാമുകിയുമായി ജയ്പ്രകാശ് ഏറെ അടുത്തിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ബിജയ് മരുമകനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട ജയ്പ്രകാശ്.2016 ഫെബ്രുവരി 6ന് ജയ്പ്രകാശ് ഉറങ്ങുന്ന സമയത്ത് സീലിങ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കു അഴിച്ചുവച്ച ഫാനിന്റെ ഭാഗമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. മൃതദേഹം പിന്നീട് ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നേരത്തേ ഒരുക്കിയിരുന്ന മണ്ണില്‍ മറവ് ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ഇതിനു മുകളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു.ഒരാഴ്ചയ്ക്കുശേഷം ജയ്പ്രകാശിനെ കാണാനില്ലെന്നു കാണിച്ച് ബിജയ് തന്നെ പൊലീസില്‍ പരാതിയും നല്‍കി. കുറച്ചു സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയ ജയ്പ്രകാശ് പിന്നീടു തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പരാതി. രണ്ട് മാസത്തോളം അതേ ഫ്ളാറ്റില്‍ താമസിച്ചതിനു ശേഷം ബിജയ് മറ്റൊരിടത്തേക്കു മാറുകയായിരുന്നു. 2017ല്‍ ഇയാള്‍ ഹൈദരാബാദിലേക്കും പോയി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7