കൊച്ചി: വനിതാ മതില്‍ നടത്തുന്നത് സര്‍ക്കാര്‍ ചെലവിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നീക്കിവെച്ച 50 കോടിയില്‍ നിന്നാണ് തുക ചെലവഴിക്കുന്നത്. ബജറ്റില്‍ നീക്കിവെച്ച തുകയാണിത്. ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ തുക ചിലവാക്കുന്നതു തടയണമെന്ന വാദം കോടതി അംഗീകരിച്ചില്ല. പകരം ചെലവാകുന്ന തുകയുടെ കണക്കു പരിപാടിക്കു ശേഷം അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സര്‍ക്കാര്‍ വാദം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയില്‍നിന്ന് 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. വനിതാ മതിലിനായി പണം ചെലവഴിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണത്തിനെതിരെയും ഹൈക്കോടതി വിമര്‍ശനമുയര്‍ത്തി. പ്രളയ പുനരുദ്ധാരണത്തിന് വന്‍തുക ആവശ്യമുള്ളപ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്? കഴിയുന്നത്ര തുക പുനരുദ്ധാരണത്തിനല്ലേ ചെലവഴിക്കേണ്ടതെന്നും കോടതി ചോദിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിലുണ്ട്. ഈ തുക സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കേണ്ടതിനാലാണു വനിതാ മതിലിനായി ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെയാണു ഹൈകോടതി വിമര്‍ശിച്ചത്. വനിതാ മതിലില്‍ ഗവണ്‍മെന്റ് ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ല. പങ്കെടുത്തില്ലെങ്കില്‍ ശിക്ഷാ നടപടിയുമുണ്ടാകില്ലെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
വനിതാ മതില്‍ വിഷയത്തില്‍ മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.