ന്യൂഡല്‍ഹി: ശബരിമല ഡ്യൂട്ടിക്കിടെ കേന്ദ്രമന്ത്രിയെ പോലും വിറപ്പിച്ച എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ഉണ്ടായേക്കും. ഇപ്പോള്‍ ലോക്‌സഭയില്‍ ശബരിമല വിഷയം ഉന്നയിക്കവെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. പൊന്‍ രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശനത്തിനെയപ്പോള്‍ എസ്.പി അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് നോട്ടീസ്.
ലോക്‌സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ്ചന്ദ്ര പെരുമാറിയതെന്നും തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. യതീഷ്ചന്ദ്രയ്‌ക്കെതിരെ അവകാശലംഘന നടപടി നോട്ടീസ് സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
ശബരിമല സന്ദര്‍ശനത്തിനെത്തിയ താന്‍ നിലയ്ക്കലില്‍ എത്തിയപ്പോള്‍ തന്നെ സ്വകാര്യവാഹനങ്ങള്‍ മുകളിലേക്ക് വിടാതിരിക്കാനുള്ള സാഹചര്യം പോലീസ് സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. സ്വകാര്യ വാഹനങ്ങള്‍ മുകളിലേക്ക് കടത്തി വിടാതിരിക്കാനുള്ള നടപടി തീര്‍ഥാടകര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നുവെന്നും പൊന്‍രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.