ശബരിമല വിഷയത്തെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം :സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തെ ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ ഇത് ആറാംദിവസമാണ് സഭ പിരിയുന്നത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹം ചെയ്യുന്ന എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമുള്ള ആവശ്യവുമായാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
തുടര്‍ന്ന് ശബരിമലയിലെ 144 പിന്‍വലിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. എല്ലാ ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാനടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കിയിരുന്നതായും സ്പീക്കര്‍ ഓര്‍മപ്പെടുത്തി.
എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് പ്രതിപക്ഷമെത്തിയത്. എം എല്‍ എമാരുടെ സത്യഗ്രഹം എട്ടാംദിവസത്തിലേക്ക് കടന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7