കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനദിവസത്തിലെ ചടങ്ങുകള്‍ രാവിലെ ആറിന് ആരംഭിക്കും ആറിന് ആദ്യ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സ്വീകരിക്കും.6.30ന് യാത്രക്കാരെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്ക് കൊണ്ടുപോവും. ഏഴിന് യാത്രക്കാരെ ഡിപ്പാര്‍ച്ചര്‍ ഹാളിനുമുന്നില്‍ മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് സ്വീകരിക്കും.7.15ന് ചെക്ക് ഇന്‍ കൗണ്ടറില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കും. 7.30ന് മുഖ്യവേദിയില്‍ കലാപരിപാടികള്‍ തുടങ്ങും. 7.45ന് ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വി.ഐ.പി. ലോഞ്ചിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും 7.55ന് എ.ടി.എം. ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രനും നിര്‍വഹിക്കും.
8.05ന് ഫോറിന് എക്സ്ചേഞ്ച് (ഫോറെക്സ്) കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. 8.15ന് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി ഹോള്‍ഡിലെ ‘മലബാര്‍ കൈത്തറി’ ഇന്സ്റ്റലേഷന് അനാവരണം മന്ത്രി ഇ.പി.ജയരാജന് നിര്‍വഹിക്കും. 8.25ന് ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസസ് ഇ.ചന്ദ്രശേഖരന് ഉദ്ഘാടനംചെയ്യും.
8.35ന് ബോര്‍ഡിങ് ഗേറ്റില്‍ യാത്രക്കാര്‍ക്ക് മന്ത്രിമാര്‍ ഉപഹാരം നല്‍കും. ഒന്‍പതിന് സി.ഐ.എസ്.എഫില്‍നിന്ന് മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 9.15ന് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും (സര്‍വീസ് ബ്ലോക്കിന് സമീപം).
9.30ന് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് തെളിക്കല്‍ ചടങ്ങ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. 9.55ന് മുഖ്യമന്ത്രി, വ്യോമയാന മന്ത്രി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന വിമാനം ഫ്ളാഗ് ഓഫ് ചെയ്യും. പത്തിന് മുഖ്യവേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.
ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം ആശംസിക്കും. കിയാല്‍ എം.ഡി. വി.തുളസീദാസ് പ്രോജക്ട് അവതരണം നടത്തും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി കമല്‍ നയന്‍ ചൗബി മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയുടെ പ്രസംഗം നിര്‍വഹിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഫലക അനാച്ഛാദനവും ഉദ്ഘാടനപ്രസംഗവും നിര്‍വഹിക്കും.
ചടങ്ങില്‍ ഇ-ഓട്ടോറിക്ഷാ സര്‍വീസിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്, നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്, മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ നിര്‍വഹിക്കും.
വിമാനത്താവളത്തിനുള്ള ലീഡര്‍ഡിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ (എല്‍.ഇ.ഇ.ഡി.) സര്‍ട്ടിഫിക്കറ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ.) പ്രതിനിധികള്‍ മന്ത്രി കെ.കെ.ശൈലജയ്ക്ക് നല്‍കും.
കാര്‍ഗോ കോംപ്ലക്സ്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, സി.ഐ.എസ്.എഫ്. അക്കമഡേഷന്‍, ലാന്‍ഡ്സ്കേപ്പിങ് എന്നിവയുടെ ത്രീഡി വീഡിയോ പ്രദര്‍ശനവും ഉണ്ടാവും.