പത്തനംതിട്ട: ശബരിമല ചിത്തിര ആട്ടത്തിരുന്നാളിനു അന്‍പത്തിരണ്ടുകാരിയെ തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിനും ജാമ്യം അനുവദിച്ചില്ല.തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തിലെ ഗൂഢാലോചനയില്‍ സുരേന്ദ്രനു പങ്കുണ്ടെന്നതായിരുന്നു കേസ്. സൂരജുമായി സുരേന്ദ്രന് സംസാരിച്ചെന്നതിന് പൊലീസ് തെളിവ് നല്കി. മണ്ഡലകാലം കഴിയുന്നതുവരെ തന്നെ ജയിലിലിടാനുള്ള ഗൂഢാലോചനയാണു നടക്കുന്നതെന്ന് സുരേന്ദ്രന് പ്രതികരിച്ചു.
നേരത്തേ റാന്നി കോടതിയും ഇതേ കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. ഇനി ഹൈക്കോടതിയെ സമീപിക്കുകയാണ് സുരേന്ദ്രന് മുന്നിലുള്ള വഴി. മറ്റ് രണ്ട് കേസുകളില്‍ സുരേന്ദ്രന് കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചു. ട്രെയിന്‍ തടഞ്ഞു, കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷം തുടങ്ങിയ കേസുകളിലാണ് ജാമ്യം അനുവദിച്ചത്.