ബാങ്കിലെ ശമ്പളം 1.10; സര്‍ക്കാര്‍ നിയമനം ലഭിച്ചപ്പോള്‍ 86,000; ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുക്കിലായ മന്ത്രി ജലീലിന്റെ ബന്ധു ഒടുവില്‍ രാജിവച്ച് തിരിച്ച് ബാങ്കിലേക്ക്.!!

കൊച്ചി: ബന്ധുനിയമനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന പിണറായി സര്‍ക്കാര്‍ വിവാദത്തില്‍നിന്ന് കരകയറാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നു കാട്ടി മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് കത്തയച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്കാണു കത്ത്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടതായുംതന്നെ തിരിച്ചു മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയയ്ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. നാളെ ചേരുന്ന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം കത്ത് ചര്‍ച്ചയ്‌ക്കെടുക്കും.

ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോള്‍, ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോര്‍പറേഷന് അപേക്ഷ നല്‍കിയതിന്റെ വിവരങ്ങളും പുറത്തായിരുന്നു. ആദ്യമാസത്തെ ശമ്പളം ലഭിച്ചതിനു ശേഷമാണു വര്‍ധന ആവശ്യപ്പെട്ട് അദീബ് കോര്‍പറേഷന് അപേക്ഷ നല്‍കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അദീബിന് 1.10 ലക്ഷം രൂപയായിരുന്നു ശമ്പളമെന്നാണു കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി.കെ. അക്ബര്‍ പറയുന്നത്. എന്നാല്‍, കോര്‍പറേഷനില്‍ 86,000 രൂപയാണു മാസശമ്പളം നല്‍കുന്നത്. അലന്‍വന്‍സുകളൊന്നുമില്ല. ആദ്യമാസത്തെ ശമ്പളം നല്‍കിയപ്പോള്‍ അലവന്‍സ് കൊടുക്കണമെന്ന് അദീബ് അഭ്യര്‍ഥിച്ചതായി എംഡി പറഞ്ഞു.

മന്ത്രി കെ.ടി. ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ അദീബിനു വഴിവിട്ടാണു നിയമനം നല്‍കിയെന്ന വിവാദം ശക്തമായിരിക്കെയാണു രാജി. കെ.ടി. അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും അംഗീകാരമില്ലെന്നു കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു.
അണ്ണാമല സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍നിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പിജിഡിബിഎ) നേടിയത്. ബിടെക്കിനൊപ്പം പിജിഡിബിഎയും ഉള്ളതുകൊണ്ടാണ് അദീബിനെ ജോലിക്കെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല ഈ കോഴ്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണു കോര്‍പറേഷന്റെ വാദം.

എന്നാല്‍, അണ്ണാമല സര്‍വകലാശാലയുടെ പിജിഡിബിഎയ്ക്കു കാലിക്കറ്റിന്റെ അംഗീകാരമില്ല. കേരള, എംജി സര്‍വകലാശാലകളും ഈ കോഴ്‌സ് അംഗീകരിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷയ്‌ക്കൊപ്പം പിജിഡിബിഎം കോഴ്‌സിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മന്ത്രി ബന്ധുവിനെ കേരള സ്‌റ്റേറ്റ് മൈനോറിറ്റി ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ച വിഷയത്തില്‍ തൊണ്ടി മുതല്‍ തിരിച്ചേല്‍പ്പിച്ചത് കൊണ്ട് മാത്രം കള്ളന്‍ കുറ്റവിമുക്തനാവില്ലെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്നും രാജി വെച്ച വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.ടി അദീബിന്റെ രാജിയോട് കൂടി യൂത്ത് ലീഗിന്റെ പ്രക്ഷോഭം അവസാനിപ്പിക്കുകയില്ല. കളവ് നടത്തിയ പ്രതി ശിക്ഷിക്കപ്പെട്ടാലേ നീതി നടപ്പിലാകൂ. അനധികൃതമായി ബന്ധുവിനെ നിയമിച്ച മന്ത്രിയാണ് ഒന്നാം പ്രതി. ബന്ധുവിനെ രാജിവെപ്പിച്ച് കൈകഴുകാന്‍ ശ്രമിക്കുകയാണ് മന്ത്രി.

‘മന്ത്രി രാജിവെച്ച് അന്വേഷണം നേരിടുകയെന്നതാണ് തുടക്കം മുതലേ യൂത്ത് ലീഗ് ഉന്നയിച്ച കാര്യം. അഴിമതിക്കാരന്‍ മന്ത്രിയും രാജി വെച്ചാലേ നീതി നടപ്പിലാവൂ. മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അത് വരെ യൂത്ത്‌ലീഗ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7