ലക്‌നൗ: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിന് ഇന്ന്. ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ കണ്ണുകളെല്ലാം താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയിലേയ്ക്കാണ്. രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിന് വെറും 11 റണ്‍സ് അകലെയാണ് രോഹിത്. ഇന്ന് വിന്‍ഡീസിനെതിരെ 11 റണ്‍സ് കൂടി നേടിയാല്‍ മറികടക്കുക സാക്ഷാല്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡിനെയാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇതുവരെ കളിച്ചിട്ടുള്ളത് 62 രാജ്യാന്തര ട്വന്റി20 മല്‍സരങ്ങളാണ്. 48.88 റണ്‍സ് ശരാശരിയില്‍ നേടിയത് 2102 റണ്‍സും. എന്നാല്‍, ഇതുവരെ 85 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് 32.18 റണ്‍സ് ശരാശരിയില്‍ സ്വന്തമാക്കിയത് 2092 റണ്‍സാണ്. ഇതില്‍ മൂന്നു സെഞ്ചുറികളും ഉള്‍പ്പെടുന്നു. കോഹ്‌ലിക്ക് ഇതുവരെ രാജ്യാന്തര ട്വന്റി20യില്‍ സെഞ്ചുറി നേടാനായിട്ടില്ല. പുറത്താകാതെ നേടിയ 90 റണ്‍സാണ് ട്വന്റി20യില്‍ കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍.ഒന്നാം ട്വന്റി20 മല്‍സരത്തില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ചുവടുപിടിച്ച് രോഹിത് ലക്‌നൗവില്‍ റെക്കോര്‍ഡ് കുറിക്കാനാണ് സാധ്യത. വിന്‍ഡീസിന്റെ പുത്തന്‍ ബോളിങ് സെന്‍സേഷന്‍ ഒഷാനെ തോമസിനു മുന്നില്‍ കീഴടങ്ങിയാണ് ആദ്യ ട്വന്റി20യില്‍ രോഹിത് പുറത്തായത്.മറുവശത്ത് ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധയൂന്നുന്നതിനാല്‍ രാജ്യാന്തര ട്വന്റി20 പരമ്പരകളില്‍നിന്ന് തുടര്‍ച്ചയായി വിട്ടുനില്‍ക്കുകയാണ് കോഹ്‌ലി. ഈ വര്‍ഷം ഇതുവരെ കോഹ്ലി കളിച്ചത് വെറും ഏഴു ട്വന്റി20 മല്‍സരങ്ങള്‍ മാത്രമാണ്. ഇത്രയും മല്‍സരങ്ങളില്‍നിന്ന് 24.33 റണ്‍സ് ശരാശരിയില്‍ നേടിയത് 146 റണ്‍സ്. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ കളിച്ചെങ്കിലും ശ്രീലങ്കയും ബംഗ്ലദേശും ഉള്‍പ്പെട്ട നിദാഹാസ് ട്വന്റി20 ടൂര്‍ണമെന്റും ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും ഇപ്പോള്‍ വിന്‍ഡീസിനെതീരായ ട്വന്റി20 പരമ്പരയും കോഹ്‌ലി ഒഴിവാക്കിയിരുന്നു. അതേസമയം, ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തു തിരിച്ചെത്തുകയും ചെയ്യും. കൊല്‍ക്കത്തയില്‍ നടന്ന പരമ്പരയിലെ ആദ്യ മല്‍സരം അല്‍പം കഷ്ടപ്പെട്ടാണെങ്കിലും ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. വിന്‍ഡീസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം ഏറെ പണിപ്പെട്ടാണ് ഇന്ത്യ മറികടന്നത്. 45 റണ്‍സെടുക്കുമ്പോഴേയ്ക്കും നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായ ഇന്ത്യയ്ക്ക് മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, അരങ്ങേറ്റ താരം ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്. ആദ്യ മല്‍സരത്തില്‍ ജയിച്ച ടീമിനെത്തന്നെ ഇന്ത്യ ഇന്നും നിലനിര്‍ത്താനാണ് സാധ്യത. മറുവശത്ത് ട്വന്റി20യില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ വിന്‍ഡീസ്, പ്രതാപത്തിനൊത്ത പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. രാത്രി 7.00 മുതലാണ് മല്‍സരം.