സന്നിധാനം: ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വനിതാ മാധ്യമപ്രവര്‍ത്തക പോലീസ് വേഷത്തില്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് പോലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തില്‍ സന്നിധാനത്തേക്ക് പോകുന്നത്. നീലിമല വഴിയാണ് ഇവര്‍ പോകുന്നത്. ഇവരോടൊപ്പം ഇരുമുടിക്കെട്ടുമായി മലയാളിയായ ഒരു യുവതിയുമുണ്ട്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത പോലീസിനെ സമീപിച്ചത്.
ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിച്ചു.
ഇതേത്തുടര്‍ന്ന് രാവിലെ പമ്പയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഐജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. പമ്പയില്‍ നിന്ന് കാനന പാതയില്‍ എത്തുമ്പോഴേക്കും പ്രതിഷേധക്കാര്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്. അതു കൊണ്ട് കൂടുതല്‍ പോലീസുകാരെ എത്തിച്ച് ഇവരെ സന്നിധാനത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. സന്നിധാനത്തേക്ക് പോകാനായി യുവതി എത്തിയ കാര്യം പ്രതിഷേധക്കാര്‍ അറിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രതിഷേധം ശക്തമാകുമെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ക്കും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു. അതേസമയം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിട്ടുണ്ട്.