148 പന്തില്‍ 23 സിക്സ്, 15 ബൗണ്ടറിയുമായി വാരികൂട്ടിയത് 257 റണ്‍സ്,ചരിത്രപ്രകടനം പുറത്തെടുത്ത് ഓസീസ് താരം ഡാര്‍സി ഷോര്‍ട്ട്

സിഡ്‌നി: ചരിത്രപ്രകടനം പുറത്തെടുത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാര്‍സി ഷോര്‍ട്ട്. ഹര്‍സ്റ്റ്വില്ലെ ഓവലില്‍ നടന്ന ജെ.എല്‍.ടി കപ്പില്‍ ക്യൂന്‍സ്ലാന്‍ഡിനെതിരായ മത്സരത്തില്‍ താരം അടിച്ചു കൂട്ടിയത് 148 പന്തില്‍ നിന്നും 257 റണ്‍സ്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോഡാണ് ഷോര്‍ട്ട് സ്വന്തം പേരില്‍ കുറിച്ചത്.ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. കൗണ്ടി ക്രിക്കറ്റില്‍ ഗ്ലാമൊര്‍ഗനെതിരെ സര്‍റേയ്ക്ക് വേണ്ടി അലിസ്റ്റെയര്‍ ബ്രൗണ്‍ നേടിയ 268 റണ്‍സാണ് ഏറ്റവുമുയര്‍ന്ന് സ്‌കോര്‍. ശ്രീലങ്കക്കെതിരായ അന്താരാഷ്ട്ര ഏകദിനത്തില്‍ രോഹിത് ശര്‍മ്മ നേടിയ 264 റണ്‍സാണ് രണ്ടാം സ്ഥാനത്ത്.

23 സിക്സും 15 ബൗണ്ടറിയുമുള്‍പ്പടെ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തിയ ഷോര്‍ട്ട് ഈ ഒറ്റ ഇന്നിംഗ്സിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ ബാറ്റിംഗ് ശരാശരി 33 ല്‍ നിന്ന് 46 ലേക്ക് ഉയര്‍ത്തി.83 പന്തില്‍ സെഞ്ചുറി തികച്ച താരം ഇരട്ടസെഞ്ചുറിയിലെത്താന്‍ 45 പന്ത് മാത്രമാണ് ചിലവഴിച്ചത്. ഇതോടെ 128 പന്തിനുള്ളില്‍ ഡാര്‍സി 200 റണ്‍സ പൂര്‍ത്തിയാക്കി.

23 സിക്സ് അടിച്ചു കയറ്റിയ ഷോര്‍ട്ട് ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രവും കുറിച്ചു.257 റണ്‍സിലെത്തി നില്‍ക്കെ ഡാര്‍സി മാത്യു കുനെമന്നനിന്റെ പന്തില്‍ ജിമ്മി പിയേഴ്‌സനിലൂടെ സ്റ്റമ്പ് ചെയ്ത് പുറത്താവുകായിരുന്നു.ഓസ്ട്രേലിയയില്‍ ബിഗ് ബാഷില്‍ കഴിഞ്ഞ സീസണില്‍ ഏറെ പ്രഭാവമുണ്ടാക്കിയ താരമാണ് ഷോര്‍ട്ട്. എന്നാല്‍ അതേ പ്രകടനം ഐ.പി.എലില്‍ ആവര്‍ത്തിക്കുവാന്‍ താരത്തിനു സാധിക്കാതെ പോയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണ്‍ ചെയ്ത താരം വൈകാതെ തന്നെ ടീമിലെ സ്ഥാനം നഷ്ടമായി പുറത്താകുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം നടത്തിയ ശേഷം ലഭിച്ച അവസരങ്ങളിലും താരത്തിനു ബിഗ് ബാഷിന്റെ അത്രയും ഇംപാക്ട് സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഓസ്ട്രേലിയയില്‍ നടക്കുന്ന ജെ.എല്‍.ടി കപ്പിലൂടെ തന്റെ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തിയെന്ന സൂചനയാണ് ലഭിയ്ക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7