കൊച്ചി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ചു 350 സീറ്റുകള്‍ നേടുകയും അതില്‍ കേരളത്തിന്റെ പങ്കുണ്ടായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മൂന്നാം ബദലായല്ല, കേരളത്തില്‍ ഒന്നാം ബദല്‍ തന്നെയായി മാറാനാണ് ബിജെപി ശ്രമിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത രാജ്നാഥ് സിങ് പറഞ്ഞു.
മുന്‍പ് കേരളത്തിലെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത് ഇവിടെ ബിജെപി മൂന്നാം ബദലായി വളര്‍ന്നുവരുമെന്നായിരുന്നു. എന്നാല്‍ ഇന്ന് പറയാനുള്ളത് ഇവിടെയും ഒന്നാം ശക്തിയായി മാറാന്‍ ശ്രമിക്കണമെന്നാണ്. ബംഗാള്‍, ഒറീസ എന്നിവിടങ്ങളിലെല്ലാം ബിജെപി വളരുന്ന രീതിയില്‍ കേരളത്തിലും മാറണം.
ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി വളരുകയാണ്. ലോകത്തൊരിടത്തും കാണാനാവാത്തവിധം മുസ്ലിങ്ങളിലെ 73 വിഭാഗങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. ക്രിസ്ത്യാനികള്‍ക്കും ഇതേ രീതിയില്‍ ജീവിക്കാന്‍ കഴിയുന്ന രാജ്യവും ഇന്ത്യ മാത്രമാണ്. ഇന്ദിരാഗാന്ധി 1969ല്‍ രാജ്യത്തെ ബാങ്കുകള്‍ ദേശസാല്‍ക്കരണം നടപ്പാക്കിയെങ്കിലും ബാങ്ക് സേവനങ്ങള്‍ പാവങ്ങള്‍ക്കുകൂടി ലഭ്യമാക്കിയ സാര്‍വത്രീകരണം നടപ്പാക്കിയത് മോദിയാണ്. 1350 രോഗങ്ങള്‍ക്കു ചികില്‍സ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് നടപ്പാക്കാന്‍ സംസ്ഥാനത്തെ പാവങ്ങളെ ഓര്‍ത്തു പിണറായി സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
2030 ആകുമ്പോഴേക്കും ലോകത്തെ മൂന്നു വന്‍കിട സാമ്പത്തികശക്തികളിലൊന്നായി ഇന്ത്യ മാറും. മോദിയെ തകര്‍ക്കുക, ബിജെപിയെ തകര്‍ക്കുക എന്ന ഒരേയൊരു അജന്‍ഡയാണു പ്രതിപക്ഷ കക്ഷികള്‍ക്ക് ആകെയുള്ളത്. അതിനായി അവര്‍ വിശാല ഐക്യം രൂപവല്ക്കരിക്കുകയാണ്. മോദിയെ വിമര്‍ശിക്കുന്ന രാഹുലിന്റെ ഭാഷ തരംതാണതാണ്. അക്കാര്യത്തില്‍ ഈ ചെറുപ്പക്കാരനെ ഉപദേശിക്കാന്‍ താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടു പറഞ്ഞിരുന്നതായും രാജ്നാഥ് സിങ് പറഞ്ഞു.