തൃശൂര്‍: പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം സംസാരിച്ചില്ലെന്ന് നടന്‍ മോഹന്‍ലാല്‍. മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നുവെന്നും മോദിയെ കണ്ട ശേഷം എഴുതിയ ബ്ലോഗില്‍ മോഹന്‍ലാല്‍ പറയുന്നു. തന്റെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കണ്ടുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ‘അതെല്ലാം സ്വാഭാവികമെന്നു’ ലാല്‍ എഴുതിയിട്ടുണ്ട്.
ഏതു വലിയ മനുഷ്യരുടെ അടുത്തുനിന്നാലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും. രാഷ്ട്രീയവും രാഷ്ട്ര നിര്‍മാണവും തിരിച്ചറിഞ്ഞ ആളാണു മോദി. രാഷ്ട്രീയത്തിനതീതമായ പിന്തുണ പ്രധാനമന്ത്രി കേരളത്തിന് ഉറപ്പുനല്‍കി. എപ്പോള്‍ വേണമെങ്കിലും വന്നുകാണാമെന്നു പറഞ്ഞ മോദി ആത്മാര്‍ഥതയാണു പകുത്തു നല്‍കിയതെന്നു ലാല്‍ പറയുന്നു.
അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള ‘വിശ്വശാന്തി’ ട്രസ്റ്റിന്റെ പദ്ധതികള്‍ വിശദീകരിക്കാനാണു ലാല്‍ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ ആദിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കാന്‍സര്‍ കെയര്‍ കേന്ദ്രം, യോഗ കേന്ദ്രം, കേരളത്തിന്റെ ഭാവിക്കു വേണ്ടി ഡല്‍ഹിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ലോക മലയാളി റൗണ്ട് ടേബിള്‍ എന്നീ പദ്ധതികള്‍ക്കു പ്രധാനമന്ത്രി പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. വ്യക്തിജീവിതത്തിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിലും പുതിയ ഊര്‍ജവുമായാണു താന്‍ മടങ്ങിയതെന്നും ലാല്‍ എഴുതുന്നു.