ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ക്യാപ്റ്റന്‍ മഷ്റഫെ മൊര്ത്താസമെഹ്ദി ഹസ്സന് സഖ്യമാണ് ബംഗ്ലദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 101 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമായ ശേഷമാണ് മെഹ്ദിമൊര്ത്താസ സഖ്യം ബംഗ്ലദേശിനായി അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തത്. സ്കോര്‍ 167ല്‍ നില്‍ക്കെ മൊര്‍ത്താസയെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഈ സഖ്യം പൊളിച്ചത്. മൊര്‍ത്താസ 32 പന്തില്‍ രണ്ടു സിക്സ് സഹിതം 26 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ ഇരുവരും 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാെല മെഹ്ദി ഹസ്സനെ ജസ്പ്രീത് ബുമ്രയും പുറത്താക്കി. 50 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 42 റണ്‍സെടുത്ത ഹസ്സനെ ധവാന് ക്യാച്ചെടുത്തു മടക്കി. ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എന്ന നിലയിലാണ് അവര്‍. സ്കോര്‍ 173ല്‍ നില്ക്കവേ മൂന്നു റണ്‍സെടുത്ത മുസ്താഫിസുര്‍ റഹ്മാനെ ബുംമ്ര പുറത്താക്കി. റൂബല്‍ ഹുസൈന് ഒരു റണ്‍സെടുത്തു.
ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസ് (ഏഴ്), നാസ്മുല് ഹുസൈന് (ഏഴ്), ഷാക്കിബ് അല്‍ ഹസന് (17), മുഹമ്മദ് മിഥുന് (ഒന്‍പത്), മുഷ്ഫിഖുര്‍ റഹിം (21), മഹ്മൂദുല്ല (25), മൊസാദേക് ഹുസൈന് (12) എന്നിവരാണ് ബംഗ്ലാ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ടീമിലേക്കുള്ള തിരിച്ചുവരവ് നാലു വിക്കറ്റെടുത്ത് ആഘോഷിച്ച രവീന്ദ്ര ജഡേജയാണ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് മേധാവിത്തം സമ്മാനിച്ചത്. ഷാക്കിബ്, മിഥുന്, റഹിം, മൊസാദേക് ഹുസൈന് എന്നിവരെയാണ് ജഡേജ പുറത്താക്കിയത്. ലിട്ടണ്‍ ദാസ്, മഹ്മൂദുല്ല, മൊര്‍ത്താസ എന്നിവരെ ഭുവനേശ്വര്‍ കുമാറും നാസ്മുല് ഹുസൈന്, മെഹ്ദി ഹസ്സന് എന്നിവരെ ജസ്പ്രീത് ബുമ്രയും പുറത്താക്കി.