മുത്തലാഖ് നിയമവിരുദ്ധം; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ ലോക്സഭാ നേരത്തെ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസ്സാക്കാനായിരുന്നില്ല. ഡിസംബറില്‍ ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (ദ് മുസ്ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഇന്‍ മാര്യേജ് ആക്ട്) ഉള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഡിനന്‍സുമായി എത്തിയത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ഇതേത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ മോദി സര്‍ക്കാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുടെ കമ്മിറ്റിയെ നിയമിച്ചിരുന്നു.

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് വഴിയോ എസ്.എം.എസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7