ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും; പ്രത്യേകം ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് കേരളത്തില്‍ എത്തുമെന്ന് പഞ്ചാബ് പൊലീസ്. അന്നുതന്നെ ബിഷപ്പ് അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകുമെന്ന് ജലന്ധര്‍ പൊലീസ് അന്വേഷണസംഘത്തെ അറിയിച്ചു. അന്വേഷണസംഘം 2 ദിവസത്തിനകം ചോദ്യാവലി തയ്യാറാക്കും. കന്യാസ്ത്രീ അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ എത്തിയതിനും സ്ഥിരീകരണമായി.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിറോ മലബാര്‍ സഭയിലെ വൈദികരടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തിയിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാന്‍ തന്നെയാണ് കന്യാസ്ത്രീകളുടെ തീരുമാനം. കൂടുതല്‍ പേര്‍ സമരപന്തലിലേക്ക് പിന്തുണയുമായെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് സമീപം സമരം തുടങ്ങിയത്.

എന്നാല്‍, ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലന്ന് സിബിസിഐ അറിയിച്ചു. പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ബിഷപ്പ് സ്ഥാനവുമായി ബന്ധപ്പെട്ട് സഭാ അധികാരികള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സിബിസിഐ പറയുന്നു.

സിബിസിഐയുടെ മൗനത്തെ ഏതെങ്കിലും പക്ഷത്തിനൊപ്പമെന്ന് വ്യാഖ്യാനിക്കാനാവില്ല. ബോംബെ അതിരൂപത വക്താവ് നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണ്. ബിഷപ്പിനെതിരായ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ദു:ഖമുണ്ടെന്നും സിബിസിഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ഭരണചുമതല കൈമാറിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയത്. വത്തിക്കാനില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബിഷപ്പിന്റെ നീക്കമെന്നും സൂചനയുണ്ട്. ഫാ.മാത്യു കോക്കണ്ടമാണ് രൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റര്‍.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിന് പിന്നാലെയാണ് ചുമതല കൈമാറിയത്. കുറ്റാരോപിതനായ ബിഷപ്പ് ചുമതലകളില്‍ തുടരുന്നതില്‍ വത്തിക്കാനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7