ന്യൂഡല്‍ഹി: 2019 ലെ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ സര്‍വേഫലം. എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും ബിജെപയുടെ സര്‍വേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്, അതായതു കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12% അധികവോട്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളും എന്‍ഡിഎ 336 സീറ്റുകളുമാണു നേടിയത്. ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ക്കു നടുവിലേക്കാണു പുതിയ സര്‍വേയുമായി ബിജെപി എത്തുന്നത്. എന്നാല്‍ ഇതിനു മുന്‍പു മറ്റുള്ളവര്‍ നടത്തിയിട്ടുള്ള സര്‍വേകള്‍ എന്‍ഡിഎയ്ക്ക് 300ല്‍ താഴെ സീറ്റുകള്‍ ലഭിക്കുമെന്നാണു പ്രവചിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. മേയ് മാസത്തില്‍ എബിപി ന്യൂസ് നടത്തിയ ‘രാജ്യത്തിന്റെ വികാരം’ എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകള്‍ നേടുമെന്നും സര്‍വേഫലം പറഞ്ഞു. 47% ആളുകളും മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും കണ്ടെത്തി.
ജൂലൈ മാസത്തില്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ 2019ല്‍ എന്‍ഡിഎ 282ഉം യുപിഎ 122ഉം സീറ്റുകളും നേടുമെന്നാണു കണ്ടെത്തിയത്. കോണ്‍ഗ്രസിനു ലഭിക്കുക 83 സീറ്റുകളായിരിക്കുമെന്നും സര്‍വേ കണ്ടെത്തി. മോദി എന്ന ബ്രാന്‍ഡ്, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍, നായകനില്ലാത്ത പ്രതിപക്ഷം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും ബിജെപി പോരിനിറങ്ങുക. ഭരിക്കാന്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമായിരുന്നുവെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുന്നത്. 2019ലും ശക്തമായ ബിജെപി തരംഗം രാജ്യത്ത് ആഞ്ഞടിക്കുമെന്നും എന്‍ഡിഎയ്ക്കു ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും മോദി അവകാശപ്പെട്ടിരുന്നു.
‘അജയ്യ ഭാരതം, അടല്‍ ബിജെപി’ എന്ന പുത്തന്‍ പ്രതീക്ഷകളുമായി ഭരണനേട്ടങ്ങളും വികസന മുദ്രാവാക്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്. അല്‍പം കൂടി കടന്ന് പാര്‍ട്ടി 50 വര്‍ഷം രാജ്യം ഭരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 50 പോയിട്ട് 2019 ല്‍ വീണ്ടും അധികാരമേറുമെന്ന ആത്മവിശ്വാസം പോലും വെറുതെയാണെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.