കൊല്‍ക്കത്ത: രാജ്യത്ത് ഇന്ധന വില അടിക്കടി ഉയരുന്നതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചത്. ഇന്ധനവില റിക്കാര്‍ഡിലെത്തിയതിനേത്തുടര്‍ന്നാണ് ഇത്. സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ഇന്ന് ഒഡീഷ സര്‍ക്കാരും പെട്രോളിന് ഒരു രൂപ കുറച്ചിരുന്നു. ഒഡീഷയിലും പുതുക്കിയ വില ഇന്ന് രാത്രി നിലവില്‍ വരും. കൂടാതെ ആന്ധ്രാപ്രദേശ് സര്‍ക്കാരും ഇന്ന് ഇന്ധന വില കുറച്ചിരുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപയാണ് സംസ്ഥാനത്ത് കുറച്ചത്. നികുതിയില്‍ വരുത്തിയ ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന ഇന്ധനവില ഇന്നും വര്‍ധിച്ചിരുന്നു. പെട്രോളിന് 14 പൈസയുടെയും ഡീസലിന് 15 പൈസയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.20 രൂപയുടെയും ഡീസലിന് 2.65 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്.