തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഹര്‍ത്താല്‍ കുട്ടനാട്ടിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലേക്ക് വാഹനം ഓടുന്നതിന് തടസമില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ ഓടാത്തത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ വിവിധ ബോട്ട് സര്‍വീസുകളും ഹര്‍ത്താല്‍ കാരണം മുടങ്ങി. ആലപ്പുഴ ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ എത്തുന്നതിനും ഹര്‍ത്താല്‍ തടസമായി.
നേരത്തെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു ബന്ദ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയുള്ള ഹര്‍ത്താലായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അതിനിടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങും മുന്‍പെ ഇന്നലെ രാത്രി രണ്ടിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം പടിക്കലില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. മൂന്നാറില്‍ നിന്ന് ബംഗളൂരിവിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം പാറശാലയില്‍ തമിഴ്നാട് കോര്‍പ്പറേഷന്റെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് അടിച്ചു തകര്‍ക്കുകയായിരുന്നു. കൊല്ലങ്കോട് നിന്നും മാര്‍ത്തണ്ഡത്തേക്ക് പോവുകയായിരുന്നു ബസ്.
ഇന്ധന വിലവര്‍ധനയിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് ദേശീയ തലത്തില്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.
കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍, ആരോഗ്യ സര്‍വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല എന്നിവ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള, എംജി സര്‍വകലാശാലകള്‍ 15 വരെയുള്ള പരീക്ഷകള്‍ നേരത്തേ മാറ്റിവച്ചിരുന്നു.