ഇംഗ്ലണ്ട് മുന്‍ നായകന്‍ അലസ്റ്റയര്‍ കുക്ക് ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കും. പരമ്പര ഇതിനകം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഇംഗ്ലണ്ട് മുന്നിലാണ്. ഓവലില്‍ ഏഴ് മുതലാണ് അഞ്ചാം ടെസ്റ്റ്. 33 കാരനായ കുക്ക് 160 ടെസ്റ്റുകളില്‍ നിന്നായി 12254 റണ്‍സ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കുക്ക്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആറാമത്തെ താരം കൂടിയാണ് കുക്ക്. ഇന്ത്യയ്‌ക്കെതിരെ 2006ല്‍ ഇന്ത്യയില്‍ അരങ്ങേറിയ കുക്ക്, 12 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയ്‌ക്കെതിരെ തന്നെ സ്വന്തം നാട്ടില്‍ നിന്ന് മടങ്ങുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
ഇംഗ്ലണ്ടിനായി 92 ഏകദിനങ്ങളും കളിച്ചിട്ടുള്ള കുക്ക് 36.40 റണ്‍സ് ശരാശരിയില്‍ 3,204 റണ്‍സ് നേടി. ഏകദിനത്തിലേക്കാളും ടെസ്റ്റിലായിരുന്നു കുക്ക് തിളങ്ങിയിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലും കുക്കിന് കാര്യമായി സംഭാവന ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യത്തിനായി ഇനി കൂടുതലൊന്നും നല്‍കാന്‍ അവശേഷിക്കുന്നുന്നില്ലെന്ന് വ്യക്തമാക്കിയാണ് കുക്ക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.