കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധന. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 28 പൈസയാണ് ഇന്നു പെട്രോള്‍ വില. നഗരത്തിനു പുറത്ത് ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപയിലധികം നല്‍കണം. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയാണു വില.
കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു മാത്രം കൂടിയത്. ഡീസല്‍ വില നഗരത്തിനുള്ളില്‍ 75 കടന്നു. കൊച്ചിയില്‍ നഗരപരിധിക്കു പുറത്ത് പെട്രോള്‍ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസല്‍ വില 76 രൂപയും കടന്നു. കോഴിക്കോട് നഗരത്തിലും പെട്രോള്‍ വില ലീറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസല്‍ വില.
രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്.
അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ധിക്കുന്നതിന്റെ കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്ന വാദവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തി. വര്‍ധിച്ച് വരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഉത്കണ്ഠയുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങള്‍ കാരണം യുഎസ് ഡോളറുമായുള്ള താരതമ്യത്തില്‍ ലോകത്താകമാനമുള്ള കറന്‍സികളുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. രൂപയെയും അത് സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ധന വില അസാധാരണമായി വര്‍ധിക്കുകയാണ്. എണ്ണവില വര്‍ധന, രൂപയുടെ വിലയിടിവ് എന്നീ രണ്ട് ഘടകങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുറത്തുനിന്നു ബാധിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.
സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയിലും വര്‍ധനവുണ്ടായി. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ കൂടി 1410.50 രൂപയുമായി.
ഇന്ധന വില വന്‍ തോതില്‍ വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്. വില കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ശേഷം വലിയ വില വര്‍ധനയുണ്ടാവുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. നേരത്തെ, കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പുള്ള ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിക്കാതെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, കര്‍ണാടക തെരഞ്ഞെടുപ്പും വിധി പ്രഖ്യാപിക്കലുമെല്ലാം കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും വര്‍ധിച്ചു.