സ്വന്തം ലേഖകന്‍
കൊച്ചി: ജലന്ധര്‍ ബിഷപ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 41 ദിവസമായിട്ടും അറസ്റ്റ് രേഖപ്പെടുത്താതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് എം.എസ്. കുമാര്‍. ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ച് ഇത്രേം ദിവസമായിട്ടും അറസ്റ്റ് ചെയ്യുന്നത് പോയിട്ട് ഒന്ന് ചോദ്യം ചെയ്യാന്‍ പോലും ഇടതുപക്ഷ മതേതര സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബിഷപ്പിനെ തൊട്ടുകളിച്ചാല്‍ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുമെന്നതിനാലാണോ? എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതും, എംഎല്‍എയ്‌ക്കെതിരായ കേസും ഇതിനോട് ചേര്‍ത്തുവച്ചുകൊണ്ടാണ് എം.എസ്. കുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….
ഇന്നേയ്ക്ക് 41 ദിവസം ആകുകയാണ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒരു കന്യാസ്ത്രീ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടു കേസ്സ് എടുക്കുന്നത് പോയിട്ട് ചോദ്യം ചെയ്യാന്‍ പോലും നമ്മുടെ ഇടതുപക്ഷ മതേതര സര്‍ക്കാരിന് കഴിയുന്നില്ല. ഒരു സാധാരണക്കാരന്റെ പേരില്‍ ഇങ്ങനെ ഒരു പരാതി ഉയര്‍ന്നിരുന്നെങ്കില്‍ എത്ര പണ്ടേ അയാള്‍ ജയിലിലാകുമായിരുന്നു. ബിഷപ്പിനെ തൊട്ടുകളിച്ചാല്‍ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുമെന്നതിനാലാണോ? എങ്കില്‍ സഖാക്കളെ നിങ്ങള്‍ക്ക് തെറ്റി. കേരളത്തിലെ ക്രിസ്തീയ സഭകളില്‍ വളരെ മാന്യമായി അന്തസായി ആത്മീയ കാര്യങ്ങള്‍ നോക്കി മതത്തെ നയിക്കുന്ന നിരവധി ബിഷപ്പുമാരും, അച്ഛന്‍മാരും ഉണ്ട്. അവരെയൊക്കെ ആദരിക്കുന്ന വലിയ ഒരു ക്രിസ്തീയ സമൂഹവും ഉണ്ട്. അവരും ഈ ബിഷപ്പിന്‍േറയും സര്‍ക്കാരിന്‍േറയും ഒത്തുകളികളില്‍ ദു:ഖിതരാണ്. അതുകൊണ്ട് ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം കൂടെ നില്‍ക്കും എന്ന ധാരണയിലാണ് ഈ ഒളിച്ചുകളിയെങ്കില്‍ അവരുടെ ഇടയില്‍ ഇപ്പോള്‍ ഉള്ള അനുഭാവം പോലും നഷ്ടപ്പെടാന്‍ പോവുകയാണ്. അപമാനിക്കപ്പെട്ട കന്യാസ്ത്രീക്ക് ഇല്ലേ മനുഷ്യാവകാശം? അവരോടൊപ്പം ഇല്ലേ വലിയവിഭാഗം ജനങ്ങള്‍? എന്തേ അവരെ കാണുന്നില്ല? അത് മാത്രമല്ലല്ലോ. മലയാളത്തിലെ ഒരു ജനപ്രിയ നായകനെ പോലീസ് അറസ്റ്റ് ചെയ്തു. സത്യത്തില്‍ നടനെതിരെ പീഡിപ്പിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എന്നിട്ടും മറ്റ് മൊഴികളുടെ പേരില്‍ കേസ്സ ചാര്‍ജ്ജ് ചെയ്തു, ചോദ്യം ചെയ്ത് ജയിലിലാക്കി. കേരളത്തിലെ ഒരു എം.എല്‍.എ യ്‌ക്കെതിരെ ബന്ധു കൂടിയായ സ്ത്രീ പരാതി നല്‍കി രണ്ട് ദിവസത്തിനുള്ളില്‍ എം.എല്‍.എ യെ ചോദ്യം ചെയ്തു അറസ്റ്റ് ചെയ്തു ജയിലിലാക്കി. സിനിമാ നടനും, എം.എല്‍.എ യ്ക്കും, മറ്റ് സാധാരണകാര്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേക അവകാശമാണ് ഒരു ബിഷപ്പിനുള്ളത്. ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള അനുവാദത്തിനായി വത്തിക്കാന്‍ എംബസിയില്‍ പോയ കേരള പോലീസിനെ ഓര്‍ത്തു ലജ്ജിക്കാം നമുക്ക്. നമ്മുടെ നാട്ടിലെ ക്രിമിനലുകളെ ചോദ്യം ചെയ്യാനും, അറസ്റ്റ് ചെയ്യാനും വത്തിക്കാന്റെ അനുവാദവും, ശരിയത്ത് നിയമവുമൊക്കെ നോക്കണമെന്ന് വന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം ആര്‍ക്ക് വേണ്ടിയാണ്. ഒരു വിഭാഗം ജനങ്ങളെ തല്ലാനും, ഉരുട്ടികൊല്ലാനും മാത്രമാണോ ഇന്ത്യന്‍ ശിക്ഷാ നിയമം?
ഇത്തരം കേസ്സുകളില്‍ എപ്പോള്‍ ഒരാളെ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമാണ് പോലും. ദുര്‍ബലമായ ഈ ന്യായം പറഞ്ഞ് എത്രകാലം രക്ഷപ്പെടും? എന്തിനാണ് അനേഷണത്തേയും വിചാരണയേയുമൊക്കെ ബിഷപ്പ് ഭയപ്പെടുന്നത്? സത്യം അദ്ദേഹത്തോടൊപ്പമാണെങ്കില്‍ പിന്നെ എന്ത് പ്രശ്‌നം?
ഒരു രാജ്യത്ത് എല്ലാപേര്‍ക്കും നീതി തുല്യമായി ലഭിക്കുമ്പോാഴാണ് ആരാജ്യം ന്യായത്തിലും നീതിയിലും അധിഷ്ഠിതം എന്നറിയപ്പെടുന്നത്. പൗരന്‍മാരെ അവരുടെ ജാതിയും മതവും നിലയും വിലയും നോക്കി വേര്‍തിരിച്ച് നീതി നടപ്പാക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഉണ്ടാകുന്നത് അരാജകത്വമായിരിക്കും. ചിലപ്പോള്‍ ബിഷപ്പ് നിരപരാധി അയിരിക്കാം. അത് സ്വയം പ്രഖ്യാപിച്ചാല്‍ മാത്രം പോരാ. നിഷ്പക്ഷമായ അന്വേഷണത്തിലൂടെയും നീതിയുക്തമായ വിചാരണയിലൂടെയും തെളിയിക്കപെടേണ്ടതാണ്.
അതുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്വന്തം സഭയേയും, കേരളത്തേയും ഇനിയും നാണം കെടുത്താതെ നിയമത്തിന് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറാകണം. ബിഷപ്പ് അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഇനിയെങ്കിലും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കാന്‍ കേരളത്തിലെ പോലീസിനും, പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്കും കഴിയണം.