ന്യൂഡല്‍ഹി: ജഡ്ജി കെ.എം.ജോസഫിന്റെ സീനിയോറിറ്റി അട്ടിമറിച്ചതിലെ അതൃപ്തി സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിനെ കണ്ട് പ്രതിഷേധം അറിയിച്ചു. ജഡ്ജിമാരുടെ പ്രതിഷേധം ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസ് കുര്യന് ജോസഫ്, ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ എന്നിവരാണ് ജഡ്ജിമാരുടെ പ്രതിഷേധം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റിസ് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്കിയ ഉറപ്പെന്നാണ് സൂചന.
സുപ്രീം കോടതിയില്‍ പുതിയ ജഡ്ജിമാരെ നിയമിക്കുന്നവരുടെ പട്ടികയില്‍ ജോസഫിനെ സീനിയോറിറ്റി മറികടന്നുവെന്നാണ് പരാതി. ആദ്യം കെ.എം.ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും ആദ്യത്തെ തവണ കേന്ദ്ര സര്‍ക്കാര്‍ ജോസഫിന്റെ പേര് അംഗീകരിച്ചില്ല. രണ്ടാമത്തെ തവണയും ജോസഫിന്റെ പേര് കൊളിജീയം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.
ജസ്റ്റിസ് ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടതായാണ് സൂചന. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. സുപ്രീം കോടതി ജഡ്ജിമാരില്‍ ഇന്ദിരാ ബാനര്‍ജിക്കും വിനീത് സരണിനും ശേഷമാണ് ജസ്റ്റിസ് ജോസഫിന്റെ പേരുള്ളത്. എന്നാല്‍ കെ.എം.ജോസഫിന്റെ പേരിന് പിന്നാലെയാണ് ഇന്ദിര ബാനര്‍ജിയുടെയും വിനീത് ശരണിന്റെയും പേര് കൊളീജിയം ശുപാര്‍ശ ചെയ്തതെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. സീനിയോറിറ്റിയില്‍ ഇവര്‍ക്കു ശേഷം ജസ്റ്റിസ് ജോസഫിന്റെ പേര് കേന്ദ്രം പരിഗണിച്ചതാണ് ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.
മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം കെ.എം.ജോസഫിനേയും നിയമിക്കാന്‍ ജനുവരി 10ന് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ജോസഫിനെ തഴഞ്ഞു. പിന്നീട് ജൂലൈ 16ന് യോഗം ചേര്‍ന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും കെ.എം.ജോസഫിനെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ നല്കി. കൊളീജിയം രണ്ടാം തവണയും ഒരേ പേര് നിര്‍ദ്ദേശിച്ചാല്‍ അംഗീകരിക്കാതെ കേന്ദ്രത്തിന് വേറെ വഴിയില്ലാതെ വന്നു.
2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് നല്കിയ വിധിയാണ് അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാരിന് അപ്രിയനാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, തങ്ങള്‍ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയനുസരിച്ചാണ് തീരുമാനമെടുത്തതെന്നും അതനുസരിച്ചാണ് ജസ്റ്റിസ് ജോസഫിനെ മൂന്നാമതാക്കിയതെന്നുമാണ് സര്‍ക്കാരിന്റെ വാദം.