കൊച്ചി: ജീവിതത്തോട് പടപൊരുതുന്ന തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം ലഭിച്ചു. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.
രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ്, ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചു. ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്.
നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലും ഹനാന്‍ വേഷമിടും.
അതേസമയം ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തി അപമാനിച്ചവര്‍ക്കെതിരെ കേസെടുത്തു. ഹനാനെതിരെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ശൈഖിനെതിരെ കേസെടുത്തു. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരേയും കേസെടുക്കും. സോഷ്യല്‍ മീഡിയ വഴി അപവാദം കേള്‍ക്കേണ്ടി വന്നതിന്റെ അടിസ്ഥാനത്തില്‍ ഹനാന്റെ മൊഴിയെടുത്തിട്ടുണ്ട്.
അതേസമയം, ഹനാനെതിരായ സൈബര്‍ ആക്രമണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡിജിപി, എറണാകുളം ജില്ലാ കലക്ടര്‍, എസ്പി എന്നിവകരോട് റിപ്പോര്‍ട്ട് തേടി. എഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തി അപമാനിച്ചവര്‍ക്കെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവട്ടിരുന്നു. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. സ്വമേധയാ കേസെടുക്കുന്ന കാര്യവും പരിശോധിക്കുമെന്നും അറിയിച്ചിരുന്നു.സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ വൈകീട്ടോടെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് മുന്നോട്ടുവരണമെന്നും വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.
ഹനാനെതിരെ സംഘടിതമായാണ് സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടന്നത്. ഇതിനെതിരെ കര്‍ശന നടപടി എടുക്കണം. അതിജീവനത്തിനു വേണ്ടിയുള്ള ഹനാന്റെ പോരാട്ടത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചരണങ്ങളില്‍ തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.