കൊച്ചി:എറണാകളും മഹാരാജാസ് കോളേജില്‍ ക്യാപസ് ഫ്രണ്ട പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ആര്.എം.സി.സി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിനീഷ് ആരാധ്യയാണ് അഭിമന്യുവിന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കി സിനിമ ഒരുക്കുന്നത്. ‘പദ്മവ്യൂഹത്തിലെ അഭിമന്യു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. അഭിമന്യുവായി അഭിനയിക്കുന്നത് പുതുമുഖമായിരിക്കും. ഇതിനു വേണ്ടിയുള്ള ഓഡിഷന് ഈ മാസം 28ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. വാട്ട്സ് ആപ്പ് കൂട്ടായ്മയാണ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമ നിര്‍മ്മിക്കുന്നത്.
മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ സിനിമയിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായാകും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. സെപ്തംബറില്‍ ചിത്രീകരണം പൂര്‍ത്തിയാകും എന്നാണ് അറിയുന്നത്. കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന് വിനീഷ് തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
മഹാരാജാസ് കോളേജില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലാണ് എസ്എഫ്ഐ നേതാവായ അഭിമന്യു കുത്തേറ്റ് മരിച്ചത്. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.
പിന്നീട് കോളേജിനകത്ത് പ്രവേശിച്ച് പോസ്റ്റര്‍ ഒട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വിളിച്ചതനുസരിച്ച് കൂടുതല്‍ പേര് സ്ഥലത്തെത്തി. ഇതോടെ വാക്കുതര്‍ക്കം കൈയ്യാങ്കളിയിലായി. ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്.
കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് റിഫ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് റിഫ. കേസിലെ ഒന്നാം പ്രതിയും, മഹാരാജാസ് കോളേജിലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ജെ.ഐ നേരത്തെ പിടിയിലായിരുന്നു. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. സംഭവത്തില്‍ കൊലയാളി സംഘത്തെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് ഇയാളാണ്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ 15 പ്രതികളുണ്ടെന്നാണ് പൊലീസിന്റെ എഫ്ഐആര്‍. അതില്‍ 14 പേരും ക്യാംപസില്‍ നിന്നും പുറത്തു വന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമി സംഘം രണ്ട് വട്ടം ക്യാംപസിന്റെ പരിസരത്തെത്തിയെന്നും അതില്‍ 14 പേരും പുറത്തു നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല നടത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.