ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ല, തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണി ആകുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ അമൃത മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജയലളിതയുടെ സ്വത്തുകള്‍ തട്ടിയെടുക്കാനുള്ള പരാതിക്കാരിയുടെ തന്ത്രമാണ് ഹര്‍ജിക്ക് പിന്നിലെന്നും അല്ലങ്കില്‍ മകളാണെന്ന് അവകാശപ്പെടുമ്പോള്‍ പോലും ജയലളിതയോടൊപ്പമുള്ള ഒരു ചിത്രം പോലും പരാതിക്കാരിയുടെ കൈവശമില്ലാത്തത് എന്തു കൊണ്ടാണെന്നും സര്‍ക്കാര്‍ മറുപടി സത്യവാങ് മൂലത്തില്‍ ചോദിച്ചു.

1980 ആഗസ്ത് മാസമാണ് തന്റെ ജന്മദിനമെന്നാണ് അമൃത ഹാജരാക്കിയ രേഖകളിലുള്ളത്. ഈ വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ 1980 ജൂലൈ മാസം നടന്ന ഒരു ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിന്റെ വീഡിയോയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ആഗസ്തിലാണ് അമൃത ജനിച്ചതെങ്കില്‍ ജൂലൈ മാസത്തിലുള്ള ജയലളിതയുടെ വീഡിയോയില്‍ അക്കാര്യം അക്കാര്യം വ്യക്തമാകേണ്ടതല്ലേ എന്നും സത്യവാങ്മൂലത്തില്‍ ചോദിക്കുന്നു.

ജയലളിതയുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നും ആവശ്യമെങ്കില്‍ അമൃതയുടെ ഡി എന്‍ എ പരിശോധന നടത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വൈദ്യനാഥന്‍ കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിവെച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7