തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനു പിന്തുണയുമായി ചലച്ചിത്ര രംഗത്തെ സംഘടനകള്‍. അവാര്‍ഡ് ദാന ചടങ്ങില്‍നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കുന്നതിന് എതിരെ താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും വിതരണക്കാരും മുഖ്യമന്ത്രിക്കു കത്തു നല്‍കി.
മോഹന്‍ലാലിനെ പുരസ്‌കാര ദാന ചടങ്ങില്‍നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു ഭീമഹര്‍ജി നല്‍കിയിരുന്നു. പുരസ്‌കാര ചടങ്ങിലേക്ക് അവാര്‍ഡ് ജേതാവിനെക്കൂടാതെ മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു, മോഹന്‍ലാലിന്റെ പേരു പരാമര്‍ശിക്കാതെയുള്ള ഹര്‍ജി. ഈ സാഹചര്യത്തിലാണ് ചലച്ചിത്ര രംഗത്തെ സംഘടനകള്‍ മോഹന്‍ലാലിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിരിക്കുന്നത്. ഭീമഹര്‍ജിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ ഇത് അന്വേഷിക്കണമെന്നും സംഘടനകള്‍ സംയുക്തമായി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷണിക്കപ്പെടാത്ത ആളെ ഒഴിവാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിനു പിന്നില്‍ ലാലിന് എതിരായ ഗൂഢാലോചനയുണ്ട്- കത്തില്‍ പറയുന്നു.
ഭീമഹര്‍ജിയില്‍ പേരു ചേര്‍ത്തിരുന്ന നടന്‍ പ്രകാശ് രാജ്, താന്‍ മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ ഒപ്പുവച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലും ഇതേ കാര്യം വ്യക്തമാക്കി രംഗത്തുവന്നു. ഇതിനെത്തുടര്‍ന്ന് ഹര്‍ജിയില്‍ പേരുള്ള ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗം സംവിധായകന്‍ ഡോ. ബിജു വിശദീകരണക്കുറിപ്പിറക്കി. ഹര്‍ജി മോഹന്‍ലാലിനെ എതിരെയായിരുന്നില്ലെന്നും ഏതു താരത്തയും പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് എന്നാണ് വിശദീകരണത്തില്‍ പറയുന്നത്.
അതിനിടെ, സംസ്ഥാന ചലിച്ചത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്കു മുഖ്യാതിഥിയായി ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും വ്യക്തമാക്കി.
‘എന്നെ ക്ഷണിച്ചാല്‍തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക വിവാദത്തെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു.