കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തെ എന്തുവന്നാലും എതിര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്നെ പിടിച്ച് അകത്താക്കിയാലും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കുന്നു എന്ന് ഒപ്പിട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാദിക്കുകയും പിന്നീട് അതേ അഭിഭാഷകന്‍ തന്നെ വീണ്ടും തിരിച്ചുപറയുകയും ചെയ്യുന്നത് അസാധ്യമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
എന്നെ പിടിച്ച് അകത്താക്കിയാലും ഐ ആം ഫുള്ളി എഗെയ്ന്‍സ്റ്റ് ദാറ്റ്. സ്ത്രീ പ്രവേശനം വേണ്ട എന്നു തന്നെയാണ് നിലപാട്. പുതിയ വക്കീലിനെ വച്ച് വാദിക്കാനുള്ള കാശില്ല. ജല്ലിക്കെട്ട് പോലെ പെണ്ണുങ്ങളെ എല്ലാമിറക്കി ശബരിമലയില്‍ കേറുന്നതിനെതിരെ ഒരു മൂവ്‌മെന്റ് ഉണ്ടാക്കുവായിരുന്നു. ജല്ലിക്കെട്ടിലും അതുപോലെയാണ് സംഭവിച്ചത്. പക്ഷെ എനിക്ക് അതിനുള്ള ഫൈനാന്‍സ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്‍മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നതാണ് സര്‍ക്കാരിന്റെയും നിലപാട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ രംഗത്തെത്തിയിരിക്കുന്നത്.