ജസ്നയുടെ തിരോധാനത്തിലെ ദുരൂഹത വര്‍ധിക്കുന്നു, കാണാതായ ദിവസം ജസ്ന, ആണ്‍സുഹൃത്തുമായി പത്തുമിനുട്ടോളം സംസാരിച്ചിരുന്നു: സൈബര്‍ സെല്‍ പരിശോധന ഫലം പുറത്ത്

പത്തനംതിട്ട : പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജസ്നയുടെ തിരോധാനത്തിലെ ദുരൂഹത വര്‍ധിക്കുന്നു. കാണാതായ ദിവസം ജസ്ന, ആണ്‍സുഹൃത്തുമായി പത്തുമിനുട്ടോളം സംസാരിച്ചിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ആണ്‍സുഹൃത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ്.

അതിനിടെ ജസ്നയെ ബംഗലൂരു വിമാനത്താവളത്തില്‍ കണ്ടുവെന്ന വാര്‍ത്തയെക്കുറിച്ചും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നു. മെയ് അഞ്ചിന് ജസ്നയെ വിമാനത്താവളത്തില്‍ കണ്ടെന്നാണ് ഒരാള്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചക്കാലം ബംഗലൂരുവില്‍ നിന്ന് രാജ്യത്തിന് അകത്തേക്കും, പുറത്തേക്കും പോയ മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.

കംപഗൗഡ വിമാനത്താവളത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നും ജസ്ന ഹൈദരാബാദിലേക്ക് പോയെന്നായിരുന്നു വെളിപ്പെടുത്തല്‍. അതേസമയം മുണ്ടക്കയത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞത് ജസ്ന തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തെ ജസ്നയോട് മുഖസാമ്യമുള്ള അലീഷയാകാം ഇതെന്നായിരുന്നു വാദം. എന്നാല്‍ പൊലീസിന്റെ വിശദ പരിശോധനയില്‍ അത് അലീഷയല്ലെന്ന് സ്ഥിരീകരിച്ചു.

കൂടാതെ, ജസ്നയെ കണ്ടതിന് പിന്നാലെ, ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ആണ്‍സുഹൃത്ത് നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കൂടാതെ മറ്റൊരു സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ജസ്ന ബസില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ കിട്ടിയതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിട്ടും ഇതുവരെ ജസ്നയുടെ തിരോധാനത്തില്‍ ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7