ലക്‌നൗ: ഉന്നാവോ ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ പ്രതി ചേര്‍ത്ത് ബുധനാഴ്ച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ജോലി ആവശ്യത്തിനായി ബംഗര്‍മാവുവിലുളള ബിജെപി എംഎല്‍എയുടെ വസതിയില്‍ ചെന്നപ്പോള്‍ തന്നെ പീഡിപ്പിച്ചതായി 17കാരിയാണ് ഏപ്രിലില്‍ വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ സെന്‍ഗാറിന്റെ വീട്ടിലെത്തിച്ച സ്ത്രീയും എംഎല്‍എയും ഇപ്പോള്‍ സീതാപൂര്‍ ജില്ലാ ജയിലില്‍ കഴിയുകയാണ്.
ഏപ്രില്‍ മാസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനം നടന്നതിന് ശേഷം പെണ്‍കുട്ടി പൊലീസിനെ സമീപിച്ചെങ്കിലും നടപടി എടുക്കാന്‍ വിസമ്മതിച്ചതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്. കൂടാതെ പരാതി നല്‍കിയതിന് ശേഷം എംഎല്‍എയുടെ സഹോദരന്‍ തങ്ങളെ മര്‍ദിച്ചതായും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. രാജ്യത്തുടനീളം പ്രതിഷേധം പുകഞ്ഞതോടെ യുപി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
ആദ്യ കുറ്റപത്രത്തില്‍ അഞ്ച് പേരെയാണ് ശനിയാഴ്ച്ച സിബിഐ പ്രതി ചേര്‍ത്തത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകത്തില്‍ എംഎല്‍എയുടെ സഹോദരന്‍ അടക്കം അഞ്ച് പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കെയാണ് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് സബ് ഇന്‍സ്‌പെകട്ര്‍മാരെ സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ്‌ഐമാരായ അശോക് സിംഗ് ബദവുരിയ, കംത പ്രസാദ് സിംഗ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.