ചിയാങ് റായ്, തായ്ലന്‍ഡ്: തായ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ മൂന്ന് കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ഇതോടെ ഗുഹയ്ക്ക് പുറത്തെത്തിച്ചവരുടെ എണ്ണം പതിനൊന്നായി. ഇനി പുറത്ത് എത്താനുള്ളത് കോച്ചും ഒരു കുട്ടിയുമാണ്. കനത്തമഴയുടെ ആശങ്കയില്‍ എത്രയും വേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണു ശ്രമം.
അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകും വിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തിയാലും കുട്ടികള്‍ക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികള്‍ ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനല്‍.
രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകള്‍ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകള്‍ക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.
ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകള്‍ക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികള്‍ക്കു നല്‍കുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികള്‍ക്കു ശ്വാസകോശത്തില്‍ പ്രശ്നങ്ങള്‍ കണ്ടു. അടിയന്തര ചികില്‍സ ലഭ്യമാക്കിയതോടെ ഇവരുടെ നില മെച്ചപ്പെട്ടതായി ചൊക്ദാംറോങ്സുക് പറഞ്ഞു.
ഇതിനിടെ, രക്ഷപ്പെട്ട നാലു കുട്ടികളെ രക്ഷിതാക്കളെ കാണാന്‍ അനുവദിച്ചതായും ആരോഗ്യ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചികില്‍സ പൂര്‍ത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രി ജാലകത്തിലൂടെ തമ്മില്‍ കാണാന്‍ മാത്രമാണ് അനുവദിച്ചത്. ഇന്നലെ രക്ഷപ്പെടുത്തിയ കുട്ടികളെ ഇന്നു വൈകിട്ടോടെ ഇത്തരത്തില്‍ രക്ഷിതാക്കളെ കാണിക്കുമെന്നും അറിയുന്നു.
ഇന്നലെ രാവിലെ പതിനൊന്നിന് ആരംഭിച്ച രക്ഷാദൗത്യത്തില്‍ ആദ്യ കുട്ടിയെ സ്ട്രെച്ചറില്‍ പുറത്തെത്തിക്കാനായതു വൈകീട്ട് നാലരയോടെയാണ്. ഏഴു മണിയോടെ നാലു കുട്ടികളെ മാത്രമാണു പുറത്തെത്തിക്കാനായത്. ഗുഹാമുഖത്ത് ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തകര്‍ക്കു തുണയായുണ്ട്. രക്ഷപ്പെടുത്തിയ ഒന്‍പത് കുട്ടികളുടെയും പേരുവിവരം പുറത്തു വിട്ടിട്ടില്ല. എല്ലാ കുട്ടികളെയും രക്ഷിച്ച ശേഷം മാത്രമാകും മുന്‍നിശ്ചയിച്ച പ്രകാരം വിവരങ്ങള്‍ പുറത്തുവിടുകയുളളൂ എന്നാണു വിവരം.
കഴിഞ്ഞ മാസം 23നാണ് 11നും 16നും മധ്യേ പ്രായമുളള 12 കുട്ടികളും അവരുടെ ഇരുപത്തിയഞ്ചുകാരനായ ഫുട്ബാള്‍ പരിശീലകനും ഗുഹയ്ക്കുളളില്‍ കുടുങ്ങിയത്.