അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു; തങ്ങളെ അറിയിച്ചില്ലെന്ന് ഡബ്‌ള്യൂ.സി.സി

വിവാദങ്ങളില്‍ ആടിയുലയുന്ന താരസംഘടനായ എ.എം.എം.എയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. പുതിയ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ യോഗം ചേരുന്നത്. എന്നാല്‍ എക്സിക്യൂട്ടീവ് യോഗം ചേരുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് ഡബ്ല്യു.സി.സി അറിയിച്ചു.

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനായി എ.എം.എം.എയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നടിമാരായ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘടന യോഗം ചേരുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ അറിഞ്ഞതെന്നാണ് ഡബ്ല്യു.സി.സി ആരോപിക്കുന്നത്.

അതേസമയം, ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനെടുത്ത തീരുമാനവും അതേ ചൊല്ലിയുണ്ടായ ഭിന്നതയും വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജി വച്ചതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. യോഗത്തിന് ശേഷം പന്ത്രണ്ട് മണിയോടെ മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ലണ്ടനില്‍ ഷൂട്ടിങ്ങിലായിരുന്ന പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയതോടെയാണ് യോഗം ചേര്‍ന്നത്. ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശന്‍, റിമ കല്ലിങ്ങല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നടിമാര്‍ അവര്‍ക്ക് പിന്തുണയുമായെത്തുകയും ചെയ്തു.

ആക്രമണത്തെ അതിജീവിച്ച നടിക്ക് അമ്മ പൂര്‍ണ പിന്തുണ നല്‍കണം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും മാധ്യമശ്രദ്ധയേറെയുള്ളതിനാലും കേസില്‍ ജനവികാരം കൂടി കണക്കിലെടുക്കണം. സ്ഥലത്തില്ലാതിരുന്നതുകൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ദിലീപിനെ തിരിച്ചെടുക്കുമെന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ വിയോജിപ്പ് നേരത്തേ അറിയിക്കുമായിരുന്നുവെന്നും നടിമാര്‍ നല്‍കിയ കത്തില്‍ പറയുന്നു. നാലു കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തരമായ അമ്മയുടെ യോഗം വിളിക്കണമെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുത്ത തീരുമാനവും അതിന്റെ പ്രത്യാഘാതവും ആക്രമണത്തെ അതിജീവിച്ച നടിയെ പിന്തുണയ്ക്കാന്‍ അമ്മയെടുത്ത നടപടികള്‍, അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നവിധം നിയമാവലി മാറ്റുക, സ്ത്രീകള്‍ക്കു കൂടുതല്‍ സുരക്ഷയും പരിഗണനയും ഒരുക്കാനായി സംഘടനയ്ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ എന്നിവയാണ് ഉന്നയിച്ചിരിക്കുന്നത്.

നടിമാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയ്ക്ക് വഴി തുറന്നത്. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7