കൊച്ചി: അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളുടെ കൊലപാതകം ലക്ഷ്യം വെച്ച് ജൂലൈ 1 ന് തന്നെ അക്രമികള്‍ മഹാരാജാസ് കോളേജില്‍ എത്തിയിരുന്നതായി അറസ്റ്റിലായ മൂന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചതായി സൂചന. കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ തന്നെ അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായും പ്രതികള്‍ വെളിപ്പെടുത്തി. ഇതിനായി എസ്.എഫ്.ഐ. പ്രവര്‍ത്തകരെന്ന വ്യാജേന അവര്‍ക്കൊപ്പം നിരവധി ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മഹാരാജാസ് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്നതായും സൂചനയുണ്ട്.
ഞായറാഴ്ച രാത്രി പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് മായ്ച്ചുകളഞ്ഞവരെ ആക്രമിക്കാനായാണ് മാരകായുധങ്ങളുമായി എത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.
സംസ്ഥാനത്തെ എസ്.ഡി.പി.ഐ.യുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. പ്രതിപ്പട്ടികയിലുണ്ടെന്ന് കരുതുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ശ്രമമുണ്ട്. ബിലാല്‍, റിയാസ്, ഫറൂക്ക് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച പിടിയിലായ നവാസ്, ജെഫ്റി എന്നിവരെ റിമാന്‍ഡ് ചെയ്തു. അതിനിടയില്‍ കേസിലെ പ്രതികളുടെ ഒളിയിടങ്ങളിലേക്കു കടക്കാനാകാതെ ഒത്തുതീര്‍പ്പിനു പോലീസ് നീക്കം നടത്തുന്നതായി വിവരമുണ്ട്. ഇവര്‍ക്കു കീഴടങ്ങാന്‍ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ രഹസ്യചര്‍ച്ചകള്‍ തുടങ്ങിയതായാണു വിവരം.
മഹാരാജാസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എന്ന വ്യാജേനെ പ്രവര്‍ത്തിച്ചിരുന്ന ചാരന്മാരില് ആരെങ്കിലുമാണോ അഭിമന്യുവിനെയും അര്‍ജുനെയും കൊലയാളിസംഘത്തിന് അരികിലേക്കു വിളിച്ചിറക്കിയതെന്ന് അന്വേഷിക്കുന്നുണ്ട്. ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ ഒളിത്താവളത്തെക്കുറിച്ചു പോലീസിന് ദിവസങ്ങള്‍ക്കു മുമ്പേ സൂചന ലഭിച്ചിരുന്നു. പ്രതികളിലാരും രാജ്യം വിട്ടിട്ടില്ലെന്ന് പോലീസ് ഉറപ്പുപറയുന്നു.
കൊച്ചിയിലടക്കം ഇവര്‍ ഒളിവിലുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടാണ് ഇതിനാധാരം. ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കൊലയാളി സംഘാംഗങ്ങള്‍ ഇപ്പോഴും പുറത്താണ്. കുറ്റകൃത്യം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മൊെബെല്‍ ഫോണ്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളില്‍ ചേക്കേറുകയായിരുന്നു. പ്രതികളെ സഹായിച്ച മൂന്നുപേര്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്.