ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി വന്നിട്ടും ഡല്‍ഹിയിലെ സേവന അധികാര ചുമതല ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വിട്ടുനല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കെജ്രിവാള്‍ ആരോപണവുമായി മാധ്യമങ്ങളെ കണ്ടത്.
സേവനങ്ങളുടെ നിയന്ത്രണം തനിക്ക് നല്‍കാന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വിസമ്മിതിക്കുന്നുവെന്നും, 2015ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ സുപ്രീകോടതി റദ്ദ് ചെയ്തില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നും കെജ്രിവാള്‍ പറയുന്നുണ്ട്.ബി.ജെ..പിക്കും കേന്ദ്രസര്‍ക്കാരിനും ദല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരിക്കുകയാണ് വേണ്ടതെന്നും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേജ്രിവാള്‍ കുറ്റപ്പെടുത്തി.
നേരത്തെ ദല്‍ഹിയുടെ വികസനത്തിന് എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും, സുപ്രീംകോടതി വിധി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ ബാധ്യസ്ഥനാണെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞിരുന്നു.കോടതി വിധി വന്നതിനു പിന്നാലെ ഐ.എ.എസ് ഓഫീസര്‍മാരെ സ്ഥലംമാറ്റാനുള്ള എല്ലാ അധികാരവും ലഫ്റ്റനന്റ് ഗവര്‍ണറില്‍ നിന്നും നീക്കിക്കൊണ്ട് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥവൃന്ദം തളളിയതോടെയാണ് സിസോദിയ അഭിപ്രായ പ്രകടനം നടത്തിയത്.
പതിനഞ്ച് ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ചയാണ് അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ അധികാരപരിധികള്‍ ദല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ക്കുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് കടമയുണ്ടെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.